ബഹുജന പിന്തുണയുള്ള നിയമപോരാട്ടത്തിന്റെ വിജയം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ബഹുജനങ്ങളുടെ പിന്തുണയോടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ നിയമപോരാട്ടത്തിനു ലഭിച്ച വിജയമാണ് ഹാദിയ കേസില്‍ ഇന്നലെ സുപ്രിംകോടതിയില്‍ നേടിയത്. പ്രമുഖ അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദവെ, ഇന്ദിര ജയ്‌സിങ്, ഹാരിസ് ബീരാന്‍, കെ പി മുഹമ്മദ് ശരീഫ്, മര്‍സൂഖ് ബാഫഖി, പി എ നൂര്‍ മുഹമ്മദ്, കെ സി നസീര്‍, എ മുഹമ്മദ് യൂസുഫ്, അബ്ദുല്‍ ശുക്കൂര്‍ എന്നിവരടങ്ങിയ സംഘം പഴുതുകളടച്ച് പരമോന്നത നീതിപീഠത്തില്‍ നടത്തിയ നിയമപോരാട്ടമാണ് ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിച്ചതും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതില്‍ എത്തിച്ചതും.
ഹാദിയയെ കേസില്‍ കക്ഷിചേര്‍ക്കുകയും അവര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തതോടെ, അന്വേഷണത്തിന്റെ പേര് പറഞ്ഞു കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെയും ഹാദിയയുടെ പിതാവിന്റെ അഭിഭാഷകനായ ശ്യാം ദിവാന്റെയും ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടത്.
അഭിഭാഷകനായ മര്‍സൂഖ് ബാഫഖി മുഖേന ഹാദിയ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ എന്‍ഐഎ പ്രതിരോധത്തിലായതിന്റെ വ്യക്തമായ തെളിവായിരുന്നു അന്വേഷണ ഏജന്‍സി ബുധനാഴ്ച നല്‍കിയ അഫിഡവിറ്റില്‍ പ്രതിഫലിച്ചത്. ഷഫിന്‍ ജഹാനെ തീവ്രവാദിയോ കുറ്റവാളിയോ ആയി ചിത്രീകരിച്ച് ഹാദിയയെ തെറ്റിദ്ധരിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നാണ് എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
എന്‍ഐഎ തന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തന്നെ വായിച്ചുകേള്‍പ്പിച്ചിട്ടില്ലെന്നും എന്‍ഐഎ തന്നെ കള്ളിയായി മുദ്രകുത്തിയെന്നും ഹാദിയ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം എന്‍ഐഎ നിഷേധിച്ചിരുന്നു. താന്‍ തീവ്രവാദിയും കുറ്റവാളിയുമാണെന്ന മുന്‍വിധിയോടെയാണ് ചില എന്‍ഐഎ ഉദ്യോഗസ്ഥര്‍ തന്നോട് പെരുമാറിയതെന്ന ഹാദിയയുടെ വാദവും അടിസ്ഥാനരഹിതമാണെന്നാണ് എന്‍ഐഎയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. അന്വേഷണം നിഷ്പക്ഷവും വസ്തുനിഷ്ഠവുമായാണ് നടക്കുന്നതെന്നും എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും എന്‍ഐഎ ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസില്‍ കക്ഷിയായ എ എസ് സൈനബ അഭിഭാഷകനായ നൂര്‍ മുഹമ്മദ് മുഖേന നല്‍കിയ സത്യവാങ്മൂലവും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള എന്‍ഐഎയുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി. ഹാദിയയും സൈനബയും പ്രത്യേകം വിശദമായ സത്യവാങ്മൂലം നല്‍കിയതിലൂടെ എന്‍ഐഎയും ഹാദിയയുടെ പിതാവും യഥാര്‍ഥത്തില്‍ പ്രതിരോധത്തിലാവുകയായിരുന്നു.

RELATED STORIES

Share it
Top