ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല: എസ്ഡിപിഐ പ്രചാരണ കാംപയിന്‍

തൃശൂര്‍: മഹാരാജാസ് കോളജിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ മുതലെടുത്ത് എസ്ഡിപിഐക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങളെ തുറന്നുകാട്ടിയും യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തിയും ‘ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാകില്ല’ പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന കാംപയിന് 27 ന് ജില്ലയില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാഹനപ്രചരണം, പൊതുസമ്മേളനങ്ങള്‍, ലഘുലേഖാ വിതരണം, ഹൗസ് കാംപയിന്‍ എന്നിവ പ്രചരണ ഭാഗമായി നടക്കും.
എസ്ഡിപിഐ ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ആശയപരമായി നേരിടാന്‍ കഴിയില്ലായെന്ന തിരിച്ചറിവാണ് അപസര്‍പ്പക കഥകളേപ്പോലും വെല്ലുന്ന ആരോപണങ്ങളുമായി രംഗത്തുവരാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. പോലിസ് സംവിധാനത്തെപ്പോലും പകപോക്കലിന് ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍. കാംപസുകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഫലമായുണ്ടാകുന്ന കൊലപാതകങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ ജാതിയും പ്രതിയെന്ന് ആരോപിക്കുന്നവരുടെ മതവും ചര്‍ച്ചയാക്കി സമൂഹത്തെ വിഭജിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സമൂഹത്തില്‍ അനാവശ്യഭീതി പരത്തി തങ്ങളുടെ രാഷ്ട്രീയ ജീര്‍ണതയും കോര്‍പ്പറേറ്റ് വിധേയത്വവും മറച്ചുവെക്കാമെന്നാണ് സിപിഎം വ്യാമോഹിക്കുന്നത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടായിരിക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുള്‍ ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ നാസര്‍, ജില്ലാ ഖജാഞ്ചി ഷമീര്‍ ബ്രോഡ്‌വേ, ജില്ലാ സമിതിയംഗം ആസിഫ് അബ്ദുള്ള പങ്കെടുത്തു.

RELATED STORIES

Share it
Top