ബസ് സ്റ്റോപ്പ് നിര്‍മാണത്തിന് കാല്‍ കോടി; അഴിമതിയെന്ന് പരാതി

മട്ടാഞ്ചേരി: തോപ്പുംപടിയിലെ ബസ് സ്‌റ്റോപ്പ് നിര്‍മാണത്തിന് കാല്‍കോടി ചെലവഴിച്ചതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം. കെ ജെ മാക്‌സി എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കാല്‍കോടി ചെലവഴിച്ച് നിര്‍മിച്ച തോപ്പുംപടിയിലെ ആധുനിക രീതിയിലുള്ള ബസ് സ്‌റ്റോപ്പാണ് വിവാദമായിരിക്കുന്നത്. നേരത്തെ തോപ്പുംപടിയിലുണ്ടായിരുന്ന ബസ് സ്‌റ്റോപ്പ് നവീകരിച്ചാണ് എഫ്എം റേഡിയോ, ഡിജിറ്റല്‍ ടൈം, നിരീക്ഷണ കാമറ തുടങ്ങിയ സംവിധാനങ്ങളോടെ നിര്‍മിച്ചത്. ഇതിന് പുറമേ ബസ്‌സ്‌റ്റോപ്പിന് പിറകിലെ കാന നവീകരിച്ച് 42 മീറ്റര്‍ ടൈല്‍ വിരിക്കുകയും ചെയ്തു. ഇതിനാണ് കാല്‍കോടി രൂപ ചെലവഴിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച് ബസ് സ്‌റ്റോപ്പ് എന്ന് കാണിച്ച് വലിയ രീതിയില്‍ ഫ്ഌക്‌സുകളും അടിച്ചു.ഇതിനെ തുടര്‍ന്ന്് സാമൂഹിക മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചാ വിഷയമായിരുന്നു.21 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച ഇരു നില വീടിന്റെ ചിത്രം സഹിതമാണ് ഫേസ്്് ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്. നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി വിവിധ സംഘടനകളും പൊതു പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. പൊതു പ്രവര്‍ത്തകന്‍ കെ ബി സലാം ഇത് അന്വേഷണ വിധേയമാക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്താ ന്‍ മുഖ്യമന്ത്രി എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാധാരണ രീതിയില്‍ ഒരു ബസ് സ്‌റ്റോപ്പ് അത്യാവശ്യം സൗകര്യങ്ങളോടെ നിര്‍മിക്കാന്‍ ഏട്ട് ലക്ഷം രൂപ മതിയെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എത്ര കൂടിയാലും 25 ലക്ഷം വരില്ലെന്നും പറയുന്നു. എന്തായാലും ഈ ബസ് സ്‌റ്റോപ്പാണ് ഇപ്പോള്‍ പശ്ചിമകൊച്ചിയിലെ പ്രധാന ചര്‍ച്ചാവിഷയം.

RELATED STORIES

Share it
Top