ബസ് സ്റ്റാന്റും മിനി സ്റ്റേഡിയവുമില്ല; പാറപ്രത്ത് പദ്ധതികളൊന്നും നടപ്പാവുന്നില്ല

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പാവുന്നില്ലെവന്ന് ആക്ഷേപം. പാറപ്രം നിവാസികളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ബസ് സ്റ്റാന്റ്. 1981 മുതല്‍ പാറപ്രത്തുനിന്നാണ് ബസ്സുകള്‍ റൂട്ട് ആരംഭിക്കുന്നതും ട്രിപ്പ് അവസാനിപ്പിക്കുന്നതും.
ഇപ്പോള്‍ പത്തിലേറെ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവിടെ ശൗചാലയം പോലുമില്ല. പാറപ്രം പഞ്ചായത്ത് മിനി സ്റ്റേഡിയം ദീര്‍ഘകാലമായി നിലവിലുണ്ട്. അന്തര്‍ദേശീയ തലത്തില്‍ കളിക്കുന്ന ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ അഴീക്കോടന്‍ ക്ലബിനു കീഴില്‍ 12 വയസ്സിനു താഴെയുള്ള കുട്ടികളില്‍ നിരവധി പേരെ തിരഞ്ഞെടുത്തിട്ടുണ്ട്.
മികച്ച പരിശിലനത്തിനു 60ഓളം കുട്ടികള്‍ സെപ്റ്റിനു കീഴില്‍ ഈ ഗ്രൗണ്ടില്‍ നിന്നു പരിശീലിക്കുന്നുണ്ട്. കൂടുതന്‍ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഗ്രൗണ്ടിനെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
എംപി ഫണ്ടില്‍ നിന്ന് സ്റ്റേഡിയം നവീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും സ്‌റ്റേഡിയത്തിലേക്ക് റോഡ് നിര്‍മിക്കാത്തതിനാല്‍ തുക നഷ്ടപെടുമെന്ന സ്ഥിതിയാണ്. എംഎല്‍എ ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ലഭിക്കാത്ത സ്ഥിതിയാണ്. 10 വര്‍ഷം മുമ്പാണ് പാറപ്രത്ത് ഹോമിയോ ഡിസ്‌പെന്‍സറി സര്‍ക്കാര്‍ അനുവദിച്ചത്.
നൂറു കണക്കിന് രോഗികള്‍ ദിവസേന ചികില്‍സയ്‌ക്കെത്തുന്നുണ്ടെങ്കിലും ഡിസ്‌പെന്‍സറിക്ക് സ്വന്തമായി ഒരു കെട്ടിടമില്ല. ഇപ്പോഴും പാറപ്രം എകെ ജി വായനാശാലയുടെ കാരുണ്യത്തിലാണ് ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്. 10 വര്‍ഷം മുമ്പ് ഐഎച്ച്ആര്‍ഡി കോളജിനു വേണ്ടി പാറപ്രത്ത് എട്ട് ഏക്കര്‍ സ്ഥലം എറ്റെടുത്തിരുന്നു.
ഇവിടെ കണ്ടല്‍ വനങ്ങള്‍ സമൃദ്ധമായി വളരുന്നതിനാല്‍ വനം വകുപ്പ് സ്ഥലം ഏറ്റെടുത്തതോടെ അതും പാറപ്രത്തിനു നഷ്ടമായി. കേന്ദ്രാനുമതിയോടെ പാറപ്രത്ത് ഐടിഐയ്ക്കു അനുമതി ലഭിച്ചിരുന്നെങ്കിലും സ്ഥലം കണ്ടെത്താത്തിനെ തുടര്‍ന്ന് സാങ്കേതിക വിദ്യാലയവും നഷ്ടപെട്ടു. പാറപ്രം അണക്കെട്ടിനു സമീപം കയാക്കിങിന് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയെങ്കിലും അതും മറ്റൊരു സ്ഥലത്തേക്കു പോയി. അണ്ടലൂര്‍-പാറപ്രം-പറശ്ശിനിക്കടവ് റോഡ് പാറപ്രം ഭാഗത്ത് ഇനിയും പ്രവൃത്തി ആരംഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മലനാട് ടൂറിസം പദ്ധതിക്ക് പാറപ്രം-അഞ്ചരക്കണ്ടി പുഴയോരത്ത് ബോട്ട് ജെട്ടി നിര്‍മിക്കാനാവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ കഴിയാത്തതിനാല്‍ നഷ്ടപ്പെട്ടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയ പിണറായി പാറപ്രം സമ്മേളനവും തുടര്‍ന്നുള്ള സംഭവങ്ങളും വ്യക്തമാക്കുന്ന ഒരു ചരിത്ര മ്യൂസിയം പാറപ്രത്ത് സ്ഥാപിക്കണമെന്ന പൊതു ആവശ്യം ഉയര്‍ന്നിട്ടും പരിഗണിക്കപ്പെടാത്തത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാണ്.

RELATED STORIES

Share it
Top