ബസ് സര്‍വീസുകള്‍ നിലച്ചു : പുഞ്ചവയല്‍-504 കോളനി വാസികള്‍ക്ക് യാത്രാക്ലേശം രൂക്ഷംമുണ്ടക്കയം: പുഞ്ചവയല്‍ 504 പ്രദേശങ്ങളിലേക്ക് യാത്രാക്ലേശം രൂക്ഷമായതായി പരാതി. സമാന്തര സര്‍വീസുകള്‍ മൂലം ബസ് സര്‍വീസുകള്‍ നിലച്ചു തുടങ്ങിയതോടെയാണ് പുഞ്ചവയല്‍, 504 കോളനി നിവാസികളുടെ യാത്രാക്ലേശം രൂക്ഷമായത്. എരുമേലി, പൊന്‍കുന്നം ഡിപ്പോകളില്‍ നിന്നു മുണ്ടക്കയം വഴി മേഖലയിലേക്കു സര്‍വീസ് നടത്തിവന്ന രണ്ട് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളുടെയും, കൊമ്പുകുത്തി, 504 കോളനി റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ഒരു സ്വകാര്യ ബസ്സിന്റെയും സര്‍വീസാണ് നിലച്ചത്. ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസാണ് ബസ്സുകള്‍ സര്‍വീസ് നിര്‍ത്താന്‍ കാരണം.മൂന്നു ബസ്സുകളും രാവിലെയും വൈകീട്ടുമായി നടത്തിവന്ന 10 ട്രിപ്പുകളാണു മുടങ്ങിയിരിക്കുന്നത്. ഇതോടെ പുഞ്ചവയല്‍, 504 കോളനി, മുരിക്കുംവയല്‍, പുഞ്ചവയല്‍, പാക്കാനം, കടമാന്‍തോട് കുളമാക്കല്‍, കാരിശേരി തുടങ്ങിയ മേഖലകളില്‍നിന്നുള്ള വിദ്യാര്‍ഥികളടക്കമുള്ള ആയിരക്കണക്കിന് ആളുകളുടെ യാത്ര ദുരിതത്തിലായി. സിംഗിള്‍ ഡ്യൂട്ടിയുടെ മറവിലാണ് എരുമേലിയില്‍ നിന്നുള്ള സര്‍വീസ് നിര്‍ത്തലാക്കിയതത്രെ. ദിവസേന 250 കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്തി 8500 രൂപയോളം കലക്ഷന്‍ ലഭിക്കുന്ന സര്‍വീസാണ് അട്ടിമറിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതില്‍ താഴെ കലക്ഷനുള്ള സര്‍വീസുകള്‍ എരുമേലി ഡിപ്പോയില്‍ നിന്നു സര്‍വീസ് നടത്തുന്നുമുണ്ട്. വിദ്യാര്‍ഥികളും തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ ദിവസവും നൂറുകണക്കിനാളുകള്‍ യാത്ര ചെയ്തുവന്ന സമയത്തെ സര്‍വീസുകളാണ് നിലച്ചത്.504 കോളനി ഗവ. സ്‌കൂള്‍, പുഞ്ചവയല്‍ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍, മുരിക്കുംവയല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും കൂടാതെ മുണ്ടക്കയത്തെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കു മുണ്ടക്കയത്ത് എത്തി യാത്ര ചെയ്യേണ്ട നൂറുകണക്കിനാളുകളാണ് ദുരിതയാത്ര ചെയ്യുന്നത്.രാവിലെയും വൈകിട്ടും സ്‌കൂള്‍ സമയങ്ങളില്‍ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ കയറ്റി പോകുന്നതിനാല്‍ ഈ സമയത്തെ ബസുകളില്‍ വിദ്യാര്‍ഥികള്‍ മാത്രമാണുള്ളതെന്നും ഇങ്ങനെ സര്‍വീസ് നഷ്ടത്തിലായതുകൊണ്ടാണ് ബസ് സര്‍വീസ് നിര്‍ത്തിയതെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്നു.

RELATED STORIES

Share it
Top