ബസ് സമരം തുടരുന്നു; പൊറുതിമുട്ടി ജനം

കണ്ണൂര്‍: സ്വകാര്യബസ് സമരം അഞ്ചാംദിവസത്തിലേക്കെത്തിയതോടെ യാത്രാ ദുരിതംകൊണ്ടു പൊതുജനം പൊറുതിമുട്ടുന്നു. ജോലിക്ക് പോവാനും സ്‌കൂളിലെത്താനുമാവാതെ ജീവനക്കാരും വിദ്യാര്‍ഥികളും കഷ്ടപ്പെടുകയാണ്. സ്ത്രീകളും സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടെയുള്ള സ്ഥിരംയാത്രക്കാരുടെ ബുദ്ധിമുട്ട് ചെറുതല്ല. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ബസ്സുകളുടെ എണ്ണത്തില്‍ അഞ്ചാംദിവസവും വര്‍ധനവരുത്തിയിട്ടില്ല.
ഡിപ്പോകളില്‍ കൂടുതല്‍ ബസ്സുകള്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മലയോര-ഗ്രാമീണ മേഖലകളില്‍ കെഎസ്ആര്‍ടിസി ബസ് അപൂര്‍വമാണ്. ഇതോടെ ഇവിടങ്ങളിലെ ജനങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. സ്‌കൂള്‍, കോളജ് പരീക്ഷകളായതിനാല്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്്. അതേസമയം, സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ചൂഷണം വര്‍ധിച്ചിട്ടുണ്ട്. മിനിമം ചാര്‍ജിന്റെ ഇരട്ടി തുകയാണ് പലരും ഈടാക്കുന്നതെന്നാണ് ആരോപണം. രാവിലെയും വൈകീട്ടും പല റൂട്ടുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ചെറുകിട സ്വകാര്യവാഹനങ്ങളും യഥേഷ്ടം നിരത്തിലിറങ്ങുന്നുണ്ട്. ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളാണ് ദീര്‍ഘദൂര യാത്രക്കാരുടെ ആശ്രയം. അതിനാല്‍ ട്രെയിനുകളിലും വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, വൈകിയോട്ടം യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ചെറിയ ആശ്വാസമാകാവുന്ന പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകളും തുണയ്ക്കുന്നില്ല.
മണിക്കൂറുകള്‍ വൈകി ഓടുന്നതാണ് പ്രശ്‌നം. സ്വകാര്യ ബസ്സുകള്‍ ഇല്ലാത്തതിനാല്‍ നഗരങ്ങളില്‍ ഹര്‍ത്താല്‍ പ്രതീതിയാണ്. താല്‍ക്കാലികമായി അടച്ചിട്ട ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും ആളില്ലാത്തതിനാല്‍ തുറക്കാനായിട്ടില്ല. മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരില്‍ പല റൂട്ടുകളിലും കെഎസ്ആര്‍ടിസിയില്ലാത്തതത് ഇരട്ടി ദുരിതത്തിനടയാക്കുകയാണ്. പഴയങ്ങാടി, കണ്ണാടിപ്പറമ്പ്, മയ്യില്‍ റൂട്ടുകളില്‍ ഒരു ബസ് മാത്രമുള്ള റൂട്ടുകളുണ്ട്. രാത്രികാലത്താണ് ദുരിതം വര്‍ധിക്കുന്നത്.

RELATED STORIES

Share it
Top