ബസ് സമരം തുടരുന്നു; ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: ജനങ്ങളെ വലച്ചു സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം  തുടരുന്നു. കെഎസ്ആര്‍ടിസി അധികമായി സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ക്ക് ആവശ്യത്തിനു മതിയാകാത്ത സ്ഥിതിയായിരുന്നു. ബസ്സുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വൈകീട്ട് 4 മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയെത്തുടര്‍ന്ന് സമരം പിന്‍വലിക്കുമെന്നാണ് സൂചന. അതിനിടെ, സ്വകാര്യ ബസ്സുടമകള്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ ബസ് സമരം ആശ്വാസമായി. വെള്ളിയാഴ്ച 6.59 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. കെയുആര്‍ടിസിക്ക് 62.42 ലക്ഷവും ലഭിച്ചു. വ്യാഴാഴ്ച 5.47 കോടി രൂപയായിരുന്നു വരുമാനം. കെയുആര്‍ടിസിക്ക് 46.61 ലക്ഷവും. മലബാര്‍ മേഖലയില്‍ കെഎസ്ആര്‍ടിസിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ അധികം വരുമാനം ലഭിച്ചു.
കൊച്ചി മെട്രോ വരുമാനം 30 ശതമാനം വര്‍ധിച്ചു.
കെഎസ്ആര്‍ടിസി ഇന്നലെ 219 പ്രത്യേക ബസ്സുകള്‍ ഓടിച്ചു. സ്വകാര്യ ബസ്സുകള്‍ ഏറെയുള്ള പ്രദേശങ്ങളിലേക്ക് മറ്റു പാതകളിലെ ബസ്സുകള്‍ മാറ്റിവിട്ടു. 1400 ട്രിപ്പുകള്‍ ഇങ്ങനെ സര്‍വീസ് നടത്തി. ആകെ 5542 ഷെഡ്യൂളുകള്‍ നിരത്തിലിറങ്ങി. യാത്രാക്ലേശം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താനും ബസ്സുകള്‍ ഓടിക്കാനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സമാന്തര സര്‍വീസുകളുടെ ഇടപെടല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനം കുറയാന്‍ കാരണമായെന്ന് ജീവനക്കാര്‍ പറയുന്നു. സമാന്തര സര്‍വീസുകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നതും ജനങ്ങള്‍ക്ക് തിരിച്ചടിയായി. ദീര്‍ഘദൂര യാത്രക്കാര്‍ കെഎസ്ആര്‍ടിസി ബസ്സുകളെയും ട്രെയിനുകളെയും ആശ്രയിച്ചപ്പോള്‍ മറ്റു യാത്രക്കാര്‍ക്ക് ബദല്‍ ടാക്‌സി സര്‍വീസുകള്‍ തുണയായി. ജീപ്പിലും ഓട്ടോറിക്ഷകളിലും കാറുകളിലുമുള്ള യാത്ര വര്‍ധിച്ചു.
പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരും വിദ്യാര്‍ഥികളുമാണ് ഏറെ പ്രയാസപ്പെടുന്നത്.
ഗ്രാമമേഖലയില്‍ നിന്നും മലയോര മേഖലയില്‍ നിന്നും ഉള്‍പ്രദേശങ്ങളില്‍ നിന്നും നഗരത്തിലെത്തുന്നവരാണ് യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കാതെ വലഞ്ഞത്. ഗ്രാമീണമേഖല പൂര്‍ണമായും സ്തംഭിച്ചു. ഇടുക്കിയുടെയും വടക്കന്‍ കേരളത്തിന്റെയും മലയോര മേഖലകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ യാത്രക്കാരെ സഹായിക്കാന്‍ പോലിസും രംഗത്തിറങ്ങി.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. ഇത് മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഏകദേശം 13,000 സ്വകാര്യ ബസ്സുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

RELATED STORIES

Share it
Top