ബസ് വെയ്റ്റിങ് ഷെഡ് ബൈക്ക് പാര്‍ക്കിങ് കേന്ദ്രമായി

ആലത്തൂര്‍: ബസ് വെയ്റ്റിങ് ഷെഡ് അനധികൃത ബൈക്ക് പാര്‍ക്കിങ് കേന്ദ്രമായി മാറിയതോടെ യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ സ്ഥലമില്ലാതായെന്നു പരാതി. ആലത്തൂര്‍ പഴയ ബസ് സ്റ്റാന്റിലെ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലുള്ള ബസ് വെയ്റ്റിങ് ഷെഡാണ് അനധികൃത ബൈക്ക് പാര്‍ക്കിങ് കേന്ദ്രമായി മാറിയത്. അഴുക്കുചാലുകള്‍ നവീകരിച്ച് നടപ്പാതയാക്കിയതോടെ ഇവിടെയൊന്നും ബൈക്ക് നിര്‍ത്തിയിടാന്‍ പറ്റാത്ത അവസ്ഥയാണ്.
താലൂക്കാസ്ഥാനമായ ആലത്തൂരിലെ  പഴയ ബസ് സ്റ്റാന്റ് പരിസരം എപ്പോഴും ഗതാഗതകുരുക്ക് ഉണ്ടാകുന്നിടമാണ്.
സ്വകാര്യവാഹനങ്ങള്‍ പാര്‍ക്കിങ് ചെയ്യാന്‍ നാലു പേ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും റോഡരികില്‍ ഇപ്പോഴും അനധികൃത പാര്‍ക്കിങ് തുടരുകയാണ്.ഇതിനെതിരെ നടപടിയെടുക്കാന്‍ പോലിസും കൂട്ടാക്കുന്നില്ല. തൃശൂര്‍ മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളജിലേക്ക് ചിറ്റൂര്‍, കുഴല്‍മന്ദം ഭാഗങ്ങളില്‍ നിന്ന് ആംബുലന്‍സുകള്‍ ചീറിപ്പായുന്ന റോഡാണ് ഇത്.
അനധികൃത പാര്‍ക്കിങിനെതിരെയും പുതിയ ട്രാഫിക്ക് പരിഷ്‌കാരം നടപ്പിലാക്കാനും ഡിവൈഎസ്പി ഓഫിസില്‍ യോഗം വിളിക്കാന്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനമായെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. ഗതാഗത പരിഷ്‌കാരം നടപ്പാക്കി അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളും ജനങ്ങളും ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top