ബസ് മതിലില്‍ ഇടിപ്പിച്ച് നിര്‍ത്തി; ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

പാലാ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് മതിലിലും ഓടയിലുമായി ഇടിപ്പിച്ചു നിര്‍ത്തി നിരവധി ജീവനുകള്‍ രക്ഷിച്ചശേഷം മരണത്തിന് കീഴടങ്ങി. പാലാ -തൊടുപുഴ റോഡില്‍ കാനാട്ടുപാറയില്‍ ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പാലായില്‍ നിന്ന് നിറയെ യാത്രക്കാരുമായി തൊടുപുഴയ്ക്ക് പുറപ്പെട്ട മേരി മാതാ ബസ്സിലെ ഡ്രൈവര്‍ക്ക് കാനാട്ടുപാറയിലെത്തിയതോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ വേദനയിലും യാത്രക്കാരെ ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിച്ച ഡ്രൈവര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. തൊടുപുഴ വണ്ണപ്പുറം ഒടിയപാറ സ്വദേശി വിനോദ്(50) ആണ് മരണത്തിലും നിരവധി ജീവനുകള്‍ക്ക് രക്ഷകനായത്. ബസ് വേഗത കുറച്ച് റോഡിന്റെ വശത്തെ ഓടയിലും സംരക്ഷണഭിത്തിയിലുമായി ഇടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരും മറ്റ് ജീവനക്കാരും ചേര്‍ന്ന് സജിയെ അടുത്തുള്ള സ്വകാര്യാശുപത്രിയിലും പിന്നീട് അരുണാപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജിയുടെ മരണവാര്‍ത്ത യാത്രക്കാരുടെ കണ്ണുകളെയും ഈറനണിയിച്ചു.

RELATED STORIES

Share it
Top