ബസ് പണിമുടക്ക് നേരിടാന്‍ കര്‍ശന നടപടി

തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പണിമുടക്കുന്ന ബസ്സുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിത്തുടങ്ങി. സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയതോടെ തിരുവനന്തപുരം അടക്കം പല സ്ഥലങ്ങളിലും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങി. നിരക്കുവര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ബസ്സുടമകള്‍ ഇന്നലെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം തുടങ്ങിയില്ല. അതേസമയം, പ്രശ്‌നപരിഹാരത്തിനായി ഉടമകള്‍ ഇന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ നീക്കം. ആര്‍ടിഒമാരാണ് ബസ്സുടമകള്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍വീസ് നടത്താതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, ബസ് സമരത്തെ നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികള്‍ ഇന്നു ഹൈക്കോടതി പരിഗണിക്കും. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യന്‍, മിസ്ഹബ് കീഴരിയൂര്‍ എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് വ്യത്യസ്ത സംഘടനകളിലുള്ള ബസ്സുടമകള്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. സമരം തുടരണോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഒരു വിഭാഗം ബസ്സുടമകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്.
തൊടുപുഴയിലും സമരത്തില്‍ നിന്ന് മാറി സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നു. സമരം നീളുകയാണെങ്കില്‍ ചെറുകിട ബസ് മുതലാളിമാരെ കാര്യമായി ബാധിക്കും. കെഎസ്ആര്‍ടിസി അധികമായി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഗ്രാമീണമേഖലയില്‍ യാത്രാക്ലേശം രൂക്ഷമാണ്. ഞായറാഴ്ച 6,69,54,281 രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം. കഴിഞ്ഞ ഞായറാഴ്ചത്തെ വരുമാനത്തേക്കാള്‍ 1,28,61,300 രൂപ കൂടുതലാണിത്. ഞായറാഴ്ച 700ലേറെ സര്‍വീസുകള്‍ അധികമായി നടത്തി.
മിനിമം ചാര്‍ജ് പത്ത് രൂപയാക്കണം, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസ്സുടമകള്‍ അനിശ്ചിതകാല സമരം തുടരുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ ബസ് ചാര്‍ജ് മിനിമം എട്ടു രൂപയാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ബസ്സുടമകളുടെ നിലപാട്.

RELATED STORIES

Share it
Top