ബസ് കാറിലും ബൈക്കിലും ഓട്ടോയിലുമിടിച്ച് അപകടം; ആറുപേര്‍ക്കു പരിക്ക്

തിരൂരങ്ങാടി: സ്വകാര്യ ബസ് കാറിലും ബൈക്കിലും ഗുഡ്‌സ് ഓട്ടോയിലുമിടിച്ച് അപകടം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് യാത്രികനും ഓട്ടോ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റു. വെളിമുക്ക് കോഴിക്കല്‍ അജേഷ് (30), മൂന്നിയൂര്‍ പാറേക്കാവ് ബവീഷ് (30) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. മൂന്നിയൂര്‍ ദേശീയപാത വെളിമുക്കില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാറ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ച് കയറി. ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്നു ബസ്. അപകടത്തില്‍ ബൈക്ക് യാത്രികനും ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റു. അമിതവേഗത്തിലെത്തിയ ബസ് കാറിനെ ഇടിച്ച് തെറിപ്പിച്ച ശേഷം ബൈക്കിനും ഓട്ടോയ്ക്കുമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാറ് തൊട്ടടുത്ത ടൈലറിങ് ഷോപ്പിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ മറ്റു നാലു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ടൈലറിങ് ഷോപ്പ് ഭാഗികമായി തകര്‍ന്നു. ദേശീയ പാതയില്‍ ഹൈവേ പോലിസും തിരൂരങ്ങാടി പോലിസുമെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

RELATED STORIES

Share it
Top