ബസ് കാത്തുനിന്നവര്‍ക്ക് അധിക്ഷേപം: മൂന്ന് ഓട്ടോഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ബസ് കാത്തുനിന്ന അച്ഛനെയും പെണ്‍മക്കളെയും സദാചാര പോലിസ് ചമഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് ഓട്ടോഡ്രൈവര്‍മാരെ കല്‍പ്പറ്റ പോലിസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ നഗരത്തിലെ ഓട്ടോഡ്രൈവറായ അമ്പിലേരി ചെളിപറമ്പില്‍ ഹിജാസ്(25), എടഗുനി ലക്ഷംവീട് പ്രമോദ് (28), കമ്പളക്കാട് പളളിമുക്ക് കൊള്ളപറമ്പില്‍ അബ്ദുള്‍ നാസര്‍(45) എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 28ന് രാത്രിയിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ബംഗളൂരുവിലേക്ക് പോവാനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനന്തവീര തിയേറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുമ്പോഴാണ് റോഡിന്റെ എതിര്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരില്‍ ചിലര്‍ സമീപത്തെത്തി ചോദ്യം ചെയ്തതെന്നാണ് പരാതി.
മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബുവാണ് ഇത് സംബന്ധിച്ച് കല്‍പ്പറ്റ പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.

RELATED STORIES

Share it
Top