ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല; യാത്രക്കാര്‍ ദുരിതത്തില്‍കടുത്തുരുത്തി: വര്‍ഷകാലം ശക്തമായതോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് ജനത്തെ വലയ്ക്കുന്നു. കനത്ത മഴയില്‍ റോഡരികിലും കടത്തിണ്ണകളിലും ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. സ്‌കൂള്‍ ബാഗുകളും മറ്റുമായി ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളാണ് കൂടുതല്‍ ദുരിതം തേടൂന്നത്. ജനത്തിരക്കേറിയ കുറുപ്പന്തറയിലും മണ്ണാറപ്പാറയിലും നിരവധി ബസ് സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും ഒരിടത്തും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല. കോട്ടയം എറണാകുളം, ഏറ്റുമാനൂര്‍ വൈക്കം, കുറവിലങ്ങാട് കടുത്തുരുത്തി, കുറവിലങ്ങാട് കല്ലറ, കല്ലറ വെച്ചൂര്‍ ഹൈവേ തുടങ്ങിയ വാഹനത്തിരക്കേറിയ നിരവധി റോഡുകള്‍ കടന്നു പോവുന്ന ജങ്ഷനാണ് കുറുപ്പന്തറ. ഇവിടെ കോട്ടയം, എറണാകുളം, കുറവലങ്ങാട്, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം പോവുന്നതിനു ബസ് സ്റ്റോപ്പുകളുണ്ട്. കൂടാതെ മണ്ണാറപ്പാറയിലും ഇതു തന്നെയാണ് അവസ്ഥ. എന്നാല്‍ ഇവിടെങ്ങളിലൊന്നും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല. എല്ലായിടത്തും യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത് വര്‍ഷങ്ങളായി കടകള്‍ക്ക് മുന്നില്‍ തന്നെയാണ്. യാത്രക്കാര്‍ കൂട്ടത്തോടെ നില്‍ക്കുന്നതിനാല്‍ പലപ്പോഴും കടകളിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യവുമുണ്ട്. ഇതാണ്  വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടി വേണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

RELATED STORIES

Share it
Top