ബസ് കാത്തിരിപ്പുകേന്ദ്രം അവഗണനയില്‍

താമരശ്ശേരി: ദേശീയ പാതയില്‍ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ ബസ് കാത്തിരിപ്പു കേന്ദ്രം അധികൃതരുടെ അവഗണന മൂലം തകര്‍ച്ചയില്‍. രണ്ട് വര്‍ഷം മുമ്പ് മേല്‍കൂര തകര്‍ന്ന കാത്തിരിപ്പു കേന്ദ്രം പുനരുദ്ധീകരിക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല.വിദ്യാര്‍ഥികളും വയോജനങ്ങളുമടക്കം നൂറുക്കണക്കിനു ആള്‍ക്കാര്‍ ബസ് കാത്തിരിക്കുന്ന ഇവിടെ മഴയും വെയിലും കൊള്ളേണ്ട അവസ്ഥയാണുള്ളത്.
ദേശീയ പാതയോരത്ത് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പുനരുദ്ധീകരിക്കാന്‍ പഞ്ചായത്തിനു അധികാരമില്ലെന്ന നിലപാടാണ് ഉള്ളത്. എന്നാല്‍ പുതുപ്പാടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ദേശീയ പാതയോരത്തേ നിരവധി ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തുകയും ഉപകാരപ്രദമാക്കുകയും ചെയ്തതായി നാട്ടുകാര്‍ വ്യക്തമാക്കുന്നു.
ദേശീയ പാതയോരത്തെ പല ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും രാഷ്ട്രീയ,സാമൂഹ്യ സംഘടനകളുടെ നിയന്ത്രണത്തിലാണ് ഉള്ളത്.അവ പരിപാലിക്കുന്നത് അത്തരം സംഘടനകളും പാര്‍ട്ടിക്കാരുമാണ്. എന്നാല്‍ ഈ കാത്തിരിപ്പു കേന്ദ്രത്തെ ഇത്തരത്തിലും പുനരുദ്ധീകരിക്കാന്‍ പ്രദേശവാസികളായ സംഘടനകളോ പാര്‍ട്ടിക്കാരോ എന്തുകൊണ്ടോ തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

RELATED STORIES

Share it
Top