ബസ്സ്റ്റാന്റില്‍ യുവതിയുടെ പരാക്രമം; നാലുപേര്‍ക്കു പരിക്ക്

തലശ്ശേരി: മനോനില തെറ്റിയ യുവതിയുടെ പരാക്രമത്തില്‍ വനിതാ പോലിസിനും ബസ്സ്റ്റാന്റ് ഏജന്റ് ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ക്കും പരിക്കേറ്റു. പിങ്ക് പോലിസിലെ സിവില്‍ പോലിസ് ഓഫീസര്‍, ശ്രീജ (45), പുതിയ സ്റ്റാന്റിലെ ബസ് ഏജന്റ് മണിയന്‍ എന്ന ബിജു (46), മറ്റൊരു യാത്രക്കാരനുമാണ് പരിക്കേറ്റത്. ശ്രീജയും ബിജുവും ജനറല്‍ ആശുപത്രിയില്‍ ചികിത്സ നേടി.
ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. സ്റ്റാന്റിലെ പാസഞ്ചര്‍ ലോബിയില്‍ മേലൂര്‍ സ്വദേശിനി മോളി പരാക്രമം കാട്ടിയത്. യാത്രക്കാരനായ യുവാവുമായി വഴക്കിട്ട യുവതി പൊടുന്നനെ ക്ഷുഭിതയായി. ഇയാളെ കൈയേറ്റം ചെയ്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഉടനെ പിങ്ക് പോലിസിലെ ഉദ്യോഗസ്ഥ ശ്രീജയെത്തി കാര്യം തിരക്കി. ഈ സമയം കൂടുതല്‍ പ്രകോപിതയായ മോളി പോലിസുകാരിക്കുനേരെ പാഞ്ഞടുത്തു.
ഇവരുടെ മുഖത്തും കഴുത്തിനും തലയ്ക്കും കൈ ചുരുട്ടി അടിച്ചു. നഖം കൊണ്ട് ദേഹത്ത് മുറിവേല്‍പിച്ചു. പോലിസുകാരിയെ ആക്രമിക്കുന്നതു കണ്ട് തടയാനെത്തിയതായിരുന്നു മണിയന്‍. പിടിച്ചുമാറ്റവെ മണിയന്റെ വലതുകൈക്ക് യുവതി കടിച്ചു. സംഭവമറിഞ്ഞ് നിരവധിപേര്‍ തടിച്ചുകൂടിയെങ്കിലും ക്ഷുഭിതയായ യുവതിയെ ആരും അനുനയിപ്പിക്കാന്‍ തയ്യാറായില്ല. അക്രമത്തിനു ശേഷം ക്രമേണ യുവതി ശാന്തയായി. ഇതിനിടയില്‍ കൂടുതല്‍ പോലിസെത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

RELATED STORIES

Share it
Top