ബസ്സ്റ്റാന്റില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര അടര്‍ന്നുവീണു

വടകര: ജനത്തിരക്കേറിയ വടകര പുതിയ ബസ് സ്റ്റാന്റിലെ കോണ്‍ക്രീറ്റ് മേല്‍ക്കൂര അടര്‍ന്നുവീണു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ സെന്ററിനും എംആര്‍എ ഹോട്ടലിനുമിടയ്ക്കുള്ള വഴിയിലെ മേല്‍ക്കൂരയാണ് അടര്‍ന്നുവീണത്.
രണ്ടു മീറ്റററോളം ദൂരത്തില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ തുരുതുരാ വീണപ്പോള്‍ ആളുകള്‍ ദൂരേക്ക് മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സ്ഥിരമായി ഇവിടെ കടല വില്‍ക്കാറുള്ള സ്ത്രീ ഇന്നില്ലാതിരുന്നതും ശബ്ദം കേട്ടയുടനെ ആളുകള്‍ ഓടിമാറിയതുമാണ് ദുരന്തം ഒഴിവായത്. മാത്രമല്ല ബസ്സ്സ്റ്റാന്റിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകുവാനും ഉപയോഗിക്കുന്ന വഴിയാതിനാല്‍ ഇവിടെ ഏത് സമയവും ആളുകള്‍ ഉണ്ടാവും. വിദ്യാര്‍ഥികളും ആയഞ്ചേരി മേമുണ്ട ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സ് യാത്രക്കാരും ഇവിടെയാണ് നില്‍ക്കുന്നത്.
സമീപത്തുണ്ടായിരുന്ന ചില സാധനസാമഗ്രികള്‍ക്കും ചുമട്ടുതൊഴിലാളികളുടെ ഉന്തുവണ്ടിക്കും കേടു പറ്റി. മേല്‍ക്കൂരയിലെ കമ്പികള്‍ പുറത്തായിരിക്കുയാണ്. സംഭവമറിഞ്ഞ് ധാരാളമാളുകള്‍ തടിച്ചുകൂടി. പുതിയ ബസ് സ്റ്റാന്റ് സൗന്ദര്യവത്കരണത്തിന് കരാറെടുത്ത കമ്പനി അപകടാവസ്ഥ മനസിലാക്കി ഈ ഭാഗം നവീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടങ്കിലും ചെവിക്കൊണ്ടില്ലെന്ന് പറയുന്നു.
കെട്ടിടത്തിനു മുകളില്‍ പഴയ ബോര്‍ഡുകളും മറ്റും നിക്ഷേപിക്കുന്നതുകാരണം മഴക്കാലം മുഴുവന്‍ വെള്ളം കെട്ടിനില്‍ക്കാറുണ്ട്. ഇതാണ് കോണ്‍ക്രീറ്റ് തകരാനുള്ള പ്രധാന കാരണം. ഇത് സംബന്ധിച്ച് നാട്ടുകാരും കച്ചവടക്കാരും നഗരസഭ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നു പറയുന്നു.
ഇരുപത്തഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ പോലും തകര്‍ച്ചയുടെ വക്കിലാണ്. എംആര്‍എ ബേക്കറിയുടെ ഭാഗം എസിപി ബോര്‍ഡുകള്‍ കൊണ്ടു മൂടിയനിലയിലായതിനാല്‍ പുറമെ കാണില്ലെങ്കിലും ഈ ഭാഗവും അപകടാവസ്ഥയിലാണെന്ന് കച്ചവടക്കാര്‍ പറഞ്ഞു. അന്തര്‍ ജില്ലാ ബസ് സ്‌റ്റേഷനായ ഇവിടെ നൂറുകണക്കിനാളുകള്‍ ദിവസേന വന്നുപോകുന്നതാണ്.
പ്രശ്‌നത്തിന് നഗരസഭ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വലിയ ദുരന്തമാകും കാത്തിരിക്കുന്നത്.

RELATED STORIES

Share it
Top