ബസ്സ്റ്റാന്റിനകത്ത് ഗുണ്ട് ഉപേക്ഷിച്ചനിലയില്‍

കൂത്തുപറമ്പ്: ബസ്‌സ്റ്റാന്റിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തു ബസ് ജീവനക്കാരിലും യാത്രക്കാരിലും വ്യാപാരികളിലും ആശങ്ക ഉയര്‍ത്തി. ഇന്നലെ രാവിലെ കൂത്തുപറമ്പ് നഗരസഭ ബസ്്സ്റ്റാന്റിലാണ് സംഭവം. ഇരിട്ടി, മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് ബോംബിന് സമാനമായ വസ്തു കണ്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂത്തുപറമ്പ് എസ്‌ഐ കെ വി നിഷിത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമെത്തി ഇത് കസ്റ്റഡിയിലെടുത്തു. മട്ടന്നൂര്‍ ഭാഗത്തേക്കു പോവുന്ന ബസ്സില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബദ്ധത്തില്‍ വീണതാകാമെന്ന സംശയത്തില്‍ വിവരം മട്ടന്നൂര്‍ പോലിസിനെ അറിയിച്ചു.
തുടര്‍ന്ന് കൂത്തുപറമ്പ് ഭാഗത്തുനിന്ന് പോയ ബസ്സുകള്‍ പോലിസ് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പിടികൂടിയ വസ്തു ബോംബ് അല്ലെന്നും ഉല്‍സവപ്പറമ്പുകളില്‍ വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഗുണ്ട് ആണെന്നും സ്ഥിരീകരിച്ചു. പിന്നീട് നിര്‍വീര്യമാക്കി.

RELATED STORIES

Share it
Top