ബസ്സുടമകള്‍ ആദിവാസികളോട് നടത്തിയ വെല്ലുവിളി അപലപനീയമെന്ന്

കാഞ്ഞങ്ങാട്: ദലിത്-ആദിവാസികള്‍ നടത്തുന്ന ഹര്‍ത്താലിന് ബസ് ഓടിക്കുമെന്ന് പറഞ്ഞ ബസ് ഓണേഴ്‌സ് അസോസിയേഷന് സ്വന്തമായി ഒരു വാഹനം പോലുമില്ലാത്ത ആദിവാസികളോട് നടത്തിയ വെല്ലുവിളി അപലപനീയമാണെന്നും ഈ വെല്ലുവിളി ദലിത് ആദിവാസികള്‍ ഏറ്റെടുക്കുമെന്നും ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പികെ രാമന്‍ പറഞ്ഞു. ബസ് യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദലിത് ആദിവാസികളാണ്. നാളിതു വരെ കേരളത്തില്‍ നടത്തിയിട്ടുള്ള ഒറ്റ ഹര്‍ത്താലിന് പോലും ബസ്് ഓടിക്കുമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇത് തങ്ങളോടുള്ള വിവേചനമാണെന്ന് പികെ രാമന്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഹര്‍ത്താലില്‍ ഹൊസ്ദുര്‍ഗ് താലൂക് ബസ് ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ സഹകരിക്കില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. സംസ്ഥാന ഫെഡറേഷന്‍ തീരുമാനമനുസരിച്ച് താലൂക്കില്‍ മുഴുവന്‍ ബസുകളും പതിവ്‌പോലെ സര്‍വീസ് നടത്തുമെന്ന് അസോസിയേഷന്‍ അറിയിച്ചു. തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ബസ് മേഖലക്ക് വലിയ നഷ്ടമാണു ഉണ്ടാക്കുന്നതെന്നും തൊഴിലാളികള്‍ക്കു ഉല്‍സവ ബത്ത നല്‍കാന്‍പോലും സാധികാത്ത വിഷമസന്ധിയിലാണ് ബസുടമകളെന്നും താലൂക്ക് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

RELATED STORIES

Share it
Top