ബസ്സില്‍ പോക്കറ്റടി വ്യാപകം; രണ്ടുപേരുടെ പണം കവര്‍ന്നു

ഉരുവച്ചാല്‍: ബസില്‍നിന്നും രണ്ടു പേരുടെ പണം കവര്‍ന്നു. മട്ടന്നൂരില്‍ നിന്നും ഉരുവച്ചാലിലേക്കുള്ള യാത്രയ്ക്കിടെയാണ് ബസില്‍ നിന്നു രണ്ടു പേരുടെ പോക്കറ്റിലെ പണം കവര്‍ന്നത്. പഴശ്ശിയിലെ മുഹമ്മദിന്റെ 9000 രൂപയും ഇടുമ്പയിലെ റസാക്കിന്റെ 4000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഉരുവച്ചാലില്‍ ബസ് ഇറങ്ങി കടയില്‍ നിന്ന് സാധനം വാങ്ങി പണം കൊടുക്കാന്‍ നേരത്താണ് പണം നഷ്ടമായത് ഇരുവരും അറിയുന്നത്. ബസിന് ടിക്കറ്റ് കൊടുക്കാന്‍ നേരത്ത് പോക്കറ്റില്‍ പണമുണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു. റോഡ് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ബസുകള്‍ എല്ലാം വൈകിയാണ് മട്ടന്നൂര്‍, തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഇതു കാരണം ബസുകളില്‍ നല്ലതിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കുള്ള ബസ് നോക്കിയാണ് കവര്‍ച്ചക്കാരുടെ യാത്ര. പണം കവര്‍ന്ന ഉടനെ അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടുന്നതിനാല്‍ പോക്കറ്റടിക്കാരെ കണ്ടെത്താനും കഴിയില്ല. ഇരുവരുടെയും ഷര്‍ട്ടിന്റെപോക്കറ്റില്‍ നിന്നാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസം വൈകീട്ട്് മാലൂര്‍ റൂട്ടിലോടുന്ന ബസില്‍ നിന്നും യാത്രക്കാരന്റെ പോക്കറ്റടിച്ചിരുന്നു.  യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top