ബസ്സില്‍ കടത്തുന്നതിനിടെ കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍

തൊടുപുഴ: ബസ്സില്‍ കടത്തുന്നതിനിടെ കഞ്ചാവുമായി യുവാവിനെ പോലിസ് പിടികൂടി. 1.8 കിലോ കഞ്ചാവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് 4.15ന് തൊടുപുഴ കോതായിക്കുന്ന് ബൈപാസില്‍ നടത്തിയ പരിശോധനയിലാണ് കുമരകം തൈശ്ശേരിയില്‍ അഖിലി(22)നെ അറസ്റ്റ് ചെയ്തത്. അടിമാലിയില്‍ നിന്നെത്തിയ ബസ്സില്‍ നിന്നാണു കഞ്ചാവ് പിടികൂടിയത്. ഇടുക്കി ഡോഗ് സ്‌ക്വാഡിലെ 'ലെയ്ക' എന്ന പോലിസ് നായയെ ഉപയോഗിച്ചായിരുന്നു പരിശോധന.
രാജാക്കാട്-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സോണീസ് എന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ബസ്സിന്റെ പിന്‍സീറ്റിലാണ് അഖില്‍ ഇരുന്നിരുന്നത്. ഇയാളുടെ മടിയില്‍ നിന്ന് കഞ്ചാവ് അടങ്ങുന്ന ബാഗ് ലെയ്ക കണ്ടെടുക്കുകയായിരുന്നു.
കമ്പത്തു നിന്ന് വാങ്ങിയ കഞ്ചാവ് കോട്ടയത്തു വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയാണെന്ന് പോലിസ് പറഞ്ഞു. കോട്ടയം വെസ്റ്റ് പോലിസ് സ്റ്റേഷനില്‍ അരക്കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് അഖിലിന്റെ പേരില്‍ കേസുണ്ടെന്ന് എസ്‌ഐ വി സി വിഷ്ണുകുമാര്‍ പറഞ്ഞു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top