ബസ്സിനടിയില്‍ കുടുങ്ങിയ മൃതദേഹവുമായി കര്‍ണാടക ആര്‍ടിസി സഞ്ചരിച്ചത് 70 കി. മീറ്റര്‍

ബംഗളൂരു: ബസ്സിനടിയില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹവുമായി കര്‍ണാടക ആര്‍ടിസി ബസ് 70 കിലോമീറ്റര്‍ സഞ്ചരിച്ചു. തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട നോണ്‍ എസി സ്ലീപ്പര്‍ ബസ്സാണ് മൃതദേഹം അടിയില്‍ കുടുങ്ങിയത് അറിയാതെ 70 കിലോമീറ്ററോളം സഞ്ചരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു ശാന്തിനഗര്‍ ഡിപ്പോയിലെ മൊഹിനുദ്ദീന്‍ എന്ന ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. മരണത്തിന് ഇടയാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൈസൂരു, മാണ്ഡ്യ, ചന്നപട്ടണം റൂട്ടിലൂടെയാണ് ബസ് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ചന്നപട്ടണത്ത് എത്തിയപ്പോള്‍ വലിയ ശബ്ദം കേട്ടിരുന്നുവെന്ന് ഡ്രൈവര്‍ പോലിസിനോട് പറഞ്ഞു. ശബ്ദം കേട്ടപ്പോള്‍ കല്ല് അടിയില്‍ തട്ടിയതായി കരുതി. റിയര്‍വ്യൂ മിററിലൂടെ നോക്കിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല. അതിനാല്‍ യാത്ര തുടര്‍ന്നെന്നും ഡ്രൈവര്‍ പോലിസിനോട് പറഞ്ഞു. പത്തു വര്‍ഷത്തോളം അനുഭവ പരിചയമുള്ള ആളാണ് മൊഹിനുദ്ദീനെന്നും ഇതുവരെ യാതൊരുവിധ അപകട കേസും ഇദ്ദേഹത്തിന്റെ സര്‍വീസ് റിക്കാര്‍ഡില്‍ ഉണ്ടായിട്ടില്ലെന്നും പോലിസ് പറഞ്ഞു. ബസ്സിനടിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ പുലര്‍ച്ചെ 2.35ഓടെയാണ് ബസ് ബംഗളൂരുവിലെത്തിയത്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്‌റ്റേഷന്‍, മെജസ്റ്റിക്, ശാന്തിനഗര്‍ എന്നീ ബസ് സ്‌റ്റേഷനുകളില്‍ നിര്‍ത്തിയതിനുശേഷമാണ് ബസ് ബംഗളൂരുവിലെ ഡിപ്പോയിലെത്തിയത്. രാവിലെ എട്ടു മണിയോടെ ബസ് കഴുകാനായി മാറ്റിയപ്പോഴാണ് അടിയില്‍ മൃതദേഹം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.

RELATED STORIES

Share it
Top