ബസറയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാവുന്നു

ബഗ്ദാദ്:ഇറാഖിലെ ബസറയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ജനങ്ങള്‍ തെരുവിലിറങ്ങി.
ഇറാഖിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്ന പ്രധാന മാര്‍ഗമായ ബസറയിലെ ഉമ്മു ഖസ്വര്‍ തുറമുഖം ഉപരോധിച്ചു. ചരക്കു വാഹനങ്ങളൊന്നും കടത്തിവിട്ടില്ല. ഇതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. സുരക്ഷാ സേന നടത്തിയ ആക്രമണങ്ങള്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചായിരുന്നു ജനകീയ പ്രതിഷേധം. ബസറയില്‍ നിന്നു ബഗ്ദാദിലേക്കുള്ള പ്രധാനപാതയും പ്രക്ഷോഭകര്‍ ഉപരോധിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു തീയിട്ടു. പ്രക്ഷോഭം കനത്തതോടെ സൈന്യം ബസറയില്‍ കര്‍ഫ്യൂ പ്രഖ്യപിച്ചുവെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം പി ന്‍വലിച്ചതായി പ്രഖ്യാപിച്ചു.
മുര്‍തദാ സദ്‌റിന് വലിയ സ്വാധീനമുള്ള ദക്ഷിണ ഇറാഖ് ആഴ്ചകളായി അശാന്തമാണ്. ജലവിതരണം, വൈദ്യുതി ഉള്‍പ്പടെയുള്ള അവശ്യസേവനങ്ങള്‍ തടസ്സപ്പെടുന്നതു കാരണമാണു ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇതിനിടെ യാസിര്‍ മക്കി എന്ന വനിതാ പ്രവര്‍ത്തക കൊല്ലപ്പെട്ടതിനെ തുടര്‍ന്നു ബസറയില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു.
ബസറയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കാനും അഴിമതി രഹിതമാക്കുന്നതിനും വേണ്ടി നടന്ന സമരത്തിനിടെയാണു യാസിര്‍ മക്കി കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബുകളും കല്ലുകളും എറിഞ്ഞു.
ശിയാ ഭൂരിപക്ഷ മേഖലയായ ബസറയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ സ്ഥിതിഗതികള്‍ വഷളാക്കിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നാണു പ്രദേശവാസികള്‍ പറയുന്നത്. മെയ് മാസത്തില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഇറാഖില്‍ ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല.
ഇതും ജനരോഷത്തിനു കാരണമായിട്ടുണ്ട്. ശിയാ നേതാവ് ആയത്തുല്ല അലി സിസ്താനി പ്രതിഷേധക്കാര്‍ക്കു പിന്തുണ കൊടുക്കുന്നുണ്ട്. ഇറാഖില്‍ ഏറ്റവും പെട്രോളിയം നിക്ഷേപമുള്ള പ്രദേശം കൂടിയാണു ബസറ.

RELATED STORIES

Share it
Top