ബഷീര്‍ വധംപ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ 24ന്‌

വിദ്യാനഗര്‍: കുത്തേറ്റ യുവാവ് ചികില്‍സയിലിരിക്കെ മരിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തി. തളങ്കര മാലിക് ദീനാര്‍ പള്ളിക്ക് സമീപത്തെ ഗ്രൗണ്ടില്‍ വച്ച് ഖാസിലേന്‍ ബീഫാത്തിമ മന്‍സിലിലെ അബൂബക്കറിന്റെ മകന്‍ കെ എ ബഷീറി(22)നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ 24ന് കോടതി പ്രഖ്യാപിക്കും.
2012 ഫെബ്രുവരി 23ന് രാത്രി തളങ്കര പള്ളിക്കടുത്ത ഗ്രൗണ്ടില്‍ വച്ച് മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ എറിഞ്ഞുകൊടുത്തു. ഇത് പ്രതികളിലൊരാളുടെ മുഖത്ത് വീണ വിരോധംവച്ച് കുപ്പി പൊട്ടിച്ച് കുത്തിയും കത്തികൊണ്ട് കുത്തിയും പരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന് ചികില്‍സയിലിരിക്കെ 2012 ഏപ്രില്‍ അഞ്ചിന് മരണപ്പെടുകയും ചെയ്തുവെന്ന കേസിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
302 വകുപ്പ് പ്രകാരമുള്ള കുറ്റംതെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും 304 വകുപ്പ് പ്രകാരമുള്ള നരഹത്യാശ്രമത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തളങ്കര ഖാസിലേന്‍ റിയാസ് മന്‍സിലിലെ പി എ റിയാസ് (28), തളങ്കര വെസ്റ്റ് ഉബൈദ് മന്‍സിലിലെ പി എ ബാദുഷ(22), തളങ്കര വില്ലേജ് ഓഫിസിന് സമീപത്തെ ജാസിര്‍ (23) എന്നിവരാണ് പ്രതികള്‍.

RELATED STORIES

Share it
Top