ബല്‍റാമിന്റെ ചോദ്യത്തിന് ബല്‍റാം ഉത്തരം നല്‍കുമോ?

കമ്മ്യൂണിസ്റ്റ് നേതാവായ എകെജിയുടെ പേരില്‍ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് എ കെ ആന്റണി സര്‍ക്കാര്‍ തിരുവനന്തപുരം നഗരത്തില്‍ വളരെ മുമ്പ് കുറച്ചു സ്ഥലം പതിച്ചുനല്‍കുകയുണ്ടായി. എകെജി ഉയര്‍ത്തിപ്പിടിച്ച പുരോഗമനാശയങ്ങള്‍ കൊണ്ടുനടക്കുന്ന ചില ആളുകള്‍ അടങ്ങുന്ന ഒരു ട്രസ്റ്റിനാണ് സ്ഥലം നല്‍കിയത്. ആ ഗവേഷണ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്ത് എന്നാണ് നിയമസഭയില്‍ വി ടി ബല്‍റാം ചോദിച്ചത്. ബല്‍റാമിനെ കൈയില്‍ കിട്ടിയാല്‍ കടിച്ചുകീറാന്‍ കാത്തുനില്‍ക്കുന്ന മാര്‍ക്‌സിസ്റ്റ് സാമാജികര്‍ നിശ്ശബ്ദരായി ഈ ചോദ്യം കേട്ടുനിന്നുവത്രേ. എന്തേ അവര്‍ക്ക് ഉത്തരം മുട്ടിപ്പോയത്? അന്ന് ആന്റണി സര്‍ക്കാര്‍ പതിച്ചുനല്‍കിയ സ്ഥലത്ത് ഇപ്പോള്‍ തലയുയര്‍ത്തിനില്‍ക്കുന്നത് എകെജി സെന്ററാണ്. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസ്. അവിടെ വച്ചാണ് കേരളത്തിലെയെന്നല്ല ഇന്ത്യാ മഹാരാജ്യത്തെ തന്നെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ജാതകം കുറിക്കുന്നതും ദിശ നിര്‍ണയിക്കുന്നതും ആവശ്യം വന്നാല്‍ ചരമക്കുറിപ്പെഴുതുന്നതു പോലും. രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തനമല്ലാതെ ഒരു പഠനവും ഗവേഷണവും അവിടെ നടക്കുന്നില്ല. ചുരുക്കത്തില്‍ സര്‍ക്കാര്‍വക സ്ഥലത്ത് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഓഫിസ്. ഇക്കാര്യത്തില്‍ സിപിഎമ്മിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ യാതൊരര്‍ഥവുമില്ല. ട്രസ്റ്റ് എന്നും ഫൗണ്ടേഷനെന്നും ചാരിറ്റിയെന്നും മറ്റും പറഞ്ഞ് സര്‍ക്കാര്‍ സ്ഥലം തഞ്ചവും തരവും പോലെ സ്വാധീനബലമുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നത് പണ്ടേക്കു പണ്ടേയുള്ള ഏര്‍പ്പാടാണ്. നമ്മുടെ സംസ്ഥാനത്തു മാത്രമല്ല, ദേശീയതലത്തിലും ഈ ദാനം നടക്കുന്നു. കടലാസില്‍ പഠനവും ഗവേഷണവുമൊക്കെയുണ്ടാവും. പക്ഷേ, ഫലത്തില്‍ സ്ഥലം കൈവശപ്പെടുത്തിയവരാരോ, അവരുടെ സ്ഥാപിത താല്‍പര്യങ്ങളാണു നിറവേറ്റപ്പെടുക. രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും സാംസ്‌കാരികപ്രസ്ഥാനങ്ങളുമൊക്കെ ഇങ്ങനെ സ്ഥലം തരപ്പെടുത്തിയിട്ടുണ്ട്. ബല്‍റാമിന്റെ പാര്‍ട്ടിയും എകെജിയുടെ പാര്‍ട്ടിയും ഇക്കാര്യത്തില്‍ ഒരേ കുളിമുറിയില്‍ നഗ്നരാണ്. ഈ വഴിയിലൂടെ ഏക്കര്‍കണക്കിന് ഭൂമി കൈവശപ്പെടുത്തി ആശ്രമവും പള്ളിയും ധ്യാനകേന്ദ്രവുമെന്നല്ല, കോളജും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നവരുണ്ട്. ഒരു പരിശോധന നടത്തിയാല്‍ കേരളത്തിലുടനീളം, അവിഹിത വഴികളിലൂടെ സര്‍ക്കാര്‍ സ്ഥലം തരപ്പെടുത്തി സ്വന്തം അജണ്ടകള്‍ നടപ്പാക്കിവരുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ കാണാം. ലോ അക്കാദമി സമരം ഈ അവസ്ഥയിലേക്കാണു വിരല്‍ ചൂണ്ടിയത്. അതെല്ലാം ചിലരുടെ മിടുക്ക്. ആ മിടുക്കിനെ അംഗീകരിക്കുന്നവരാണു പൊതുജനം. സര്‍ക്കാര്‍ ഭൂമി, അത് റവന്യൂവിന്റേതായാലും പിഡബ്ല്യൂഡിയുടേതായാലും വനംവകുപ്പിന്റേതായാലും പതിച്ചുനല്‍കുന്നത് ശരിയായ ലക്ഷ്യത്തോടെയാണോ എന്നു പരിശോധിക്കണം. ആ ലക്ഷ്യം പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാല്‍, അതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ താനുണ്ടാവുമെന്ന് ഉറപ്പിച്ചുപറയാനാവുമോ വി ടി ബല്‍റാമിന്?

RELATED STORIES

Share it
Top