ബലേ ഭേഷ് ബെല്‍ജിയം

മോസ്‌കോ: 32 വര്‍ഷങ്ങള്‍ക്കു ശേഷം ബെല്‍ജിയം ലോകകപ്പ് സെമിയില്‍. കാല്‍പ്പന്തുകളിയില്‍,  അവരുടെ ചരിത്രത്തിലെ രണ്ടാം സെമി ഫൈനല്‍. ബെല്‍ജിയം ജനത ഒരു സ്വപ്‌നലോകത്താണ് ഇപ്പോഴുള്ളത്. കാല്‍പ്പന്തിന്റെ ലോക കിരീടം കൈപ്പിടിയിലൊതുക്കാന്‍ ഇനി വേണ്ടതു രണ്ടേരണ്ടു വിജയങ്ങള്‍ മാത്രം.
ലോകകപ്പിലെ മുടിചൂടാ മന്നന്‍മാരെ, ബ്രസീലിനെ നാട്ടിലേക്കു പായ്ക്കു ചെയ്തതോടെ ബെല്‍ജയം കാല്‍പ്പന്തുകളിയുടെ സിംഹാസനത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. 1986ല്‍ ആയിരുന്നു ഇതിനു മുമ്പ് ബെല്‍ജിയം സെമിയില്‍ എത്തിയത്. അത് ഒരത്ഭുത യാത്രയായിരുന്നു. മെക്‌സിക്കോയില്‍ നടന്ന ആ ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ നോക്കൗട്ട് വിജയങ്ങള്‍ എല്ലാം എല്ലാവരെയും ഞെട്ടിച്ചിരുന്നു. അന്ന് അവസാനം മറഡോണയുടെ ഇരട്ട ഗോളുകള്‍ക്ക് മുന്നിലാണു സെമിയില്‍ ബെല്‍ജിയം വീണത്. റഷ്യന്‍ ലോകകപ്പില്‍ അപരാജിതരായിട്ടാണു ബെല്‍ജിയം കുതിക്കുന്നത്.   കളിച്ച ഒരു കളിയിലും അവര്‍ തോറ്റില്ല. കരുത്തരായ ഇംഗ്ലണ്ടിനെതിരേ കളിച്ചപ്പോഴും വിജയം ബെല്‍ജിയത്തിനൊപ്പമായിരുന്നു.
സെമിയില്‍ ഇതേ ഫോമില്‍ കളിക്കുന്ന ഫ്രാന്‍സ് ആണു ബെല്‍ജിയത്തിന്റെ എതിരാളികള്‍. എന്നാല്‍ ബെല്‍ജിയത്തിനു നഷ്ടപ്പെടാന്‍ ഒന്നുമില്ല. കിട്ടിയ മൂന്നു സുവര്‍ണാവസരങ്ങളില്‍ രണ്ടെണ്ണം ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞതാണു ബ്രസീലിനെതിരേ ബെല്‍ജിയത്തിന് അട്ടിമറി ജയം സമ്മാനിച്ചത്.
സെല്‍ഫ് ഗോളും ഗോള്‍കീപ്പര്‍ ക്വോട്ടയുടെ മിന്നുന്ന സേവുകളും പ്രതിരോധ കോട്ടയും സന്ദര്‍ഭത്തിനൊത്തു ലക്ഷ്യംകണ്ട മുന്നേറ്റനിരയും ബെല്‍ജിയത്തിന്റെ വിജയത്തിനു കാരണമായി മാറി.

RELATED STORIES

Share it
Top