ബലാല്‍സംഗം: മൂന്നു കോടതിവിധികള്‍കൂട്ടബലാല്‍സംഗ കേസുകളില്‍ സമീപകാലത്തു പുറപ്പെടുവിച്ച മൂന്നു സുപ്രിംകോടതി വിധികള്‍ ഒരുമിച്ചും പ്രത്യേകമായും പരിശോധിക്കുമ്പോള്‍ വധശിക്ഷയുടെ കാര്യത്തില്‍ ജുഡീഷ്യറിയുടെ പരസ്പരവിരുദ്ധമായ സമീപനം എങ്ങനെയെന്ന് അവ വെളിപ്പെടുത്തിത്തരുന്നുണ്ട്. ഏതാണ് വധശിക്ഷ അര്‍ഹിക്കുന്ന “'അപൂര്‍വത്തില്‍ അപൂര്‍വമായ' കേസെന്നു തീരുമാനിക്കുന്നത് എങ്ങനെയെന്നുള്ളതില്‍ യാതൊരു വ്യക്തതയുമില്ല. ഈ മൂന്നു കേസുകളില്‍ ഏറ്റവും പഴക്കമുള്ളത് ഗുജറാത്തിലെ രാധിക്പൂര്‍ ഗ്രാമത്തില്‍നിന്നുള്ള ബില്‍ക്കീസ് ബാനുവിന്റേതാണ്. 2002 മാര്‍ച്ച് 3ന് ബില്‍ക്കീസ് ബാനു(അന്നവള്‍ക്കു പ്രായം 19; ഗര്‍ഭിണിയുമായിരുന്നു)വിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. അവളുടെ ഗ്രാമത്തില്‍നിന്നു തന്നെയുള്ള ഹിന്ദുക്കളായ ഒരു സംഘം ആളുകളാണ് ഈ ക്രൂരകൃത്യം ചെയ്തത്. ബില്‍ക്കീസ് ബാനുവിന്റെ പൈതലിനെ അവളുടെ കണ്‍മുന്നില്‍ വച്ചുതന്നെ അവര്‍ കൊന്നുകളഞ്ഞു. കുടുംബത്തില്‍പ്പെട്ട 14 പേരെ കശ്മലര്‍ കശാപ്പു ചെയ്തു. ഭീതിജനകമായ ഈ പീഡനങ്ങള്‍ക്കെല്ലാം ഒടുവില്‍, മെല്ലെ ബോധം വീണ്ടുകിട്ടിയപ്പോള്‍ പരാതി നല്‍കാനായി പോലിസ് സ്‌റ്റേഷനില്‍ അവളെത്തി. എന്നാല്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. 15 ദിവസം കഴിഞ്ഞാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്; അതും നിര്‍ബന്ധബുദ്ധിയോടെ അവള്‍ പോലിസിനു പിന്നാലെ കൂടിയതുകൊണ്ട്. എന്നിട്ടുപോലും കൃത്യമായ വിവരങ്ങള്‍ പലതും പോലിസ് ബോധപൂര്‍വം അവഗണിച്ചു. തന്നെ ബലാല്‍സംഗം ചെയ്തവരുടെയും കുടുംബാംഗങ്ങളെ കൊന്നുതള്ളിയവരുടെയും പേരുകള്‍ അവള്‍ നല്‍കിയിരുന്നു. പക്ഷേ, അതൊന്നും പോലിസ് രേഖപ്പെടുത്തിയില്ല. അതിനാല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത്രയും ഗൗരവമായ ഒരു കേസ് എത്തിപ്പെട്ടത് എന്നതിലും അദ്ഭുതപ്പെടേണ്ടതില്ല.  അവള്‍ക്കു നീതി(?) കിട്ടാന്‍ നീണ്ട 15 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. അവളുടെ ധീരതയെ അഭിനന്ദിച്ചേ മതിയാവൂ. മെയ് 4നാണ് 11 പേര്‍ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ടുള്ള ബോംബെ വിചാരണക്കോടതിയുടെ 2008ലെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവാതിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കും ബോംബെ ഹൈക്കോടതി ശിക്ഷ വിധിച്ചു. സുപ്രിംകോടതി ഉത്തരവുപ്രകാരം കേസ് ഗുജറാത്തിനു പുറത്തേക്ക് മാറ്റിയപ്പോഴാണ് മഹാരാഷ്ട്രയിലെ പ്രത്യേക കോടതിയില്‍ വിചാരണ നടന്നത്. നീതി തടസ്സപ്പെടുത്തുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന കുറ്റം ചുമത്തപ്പെട്ട രണ്ടു ഡോക്ടര്‍മാരെയും അഞ്ചു പോലിസ് ഉദ്യോഗസ്ഥരെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയെന്നതാണ് ഹൈക്കോടതി വിധിയുടെ സവിശേഷത. ഇതു ശ്രദ്ധേയം തന്നെയെന്നതില്‍ സംശയമില്ല. നീതിനിര്‍വഹണത്തില്‍ ഭരണകൂടത്തിന്റെ വഞ്ചനാപരമായ ഒത്തുകളി അപൂര്‍വമായെങ്കിലും കോടതികള്‍ തിരിച്ചറിയാറുണ്ട്. എന്തായാലും ബലാല്‍സംഗത്തിലും കൊലയിലും കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന അപ്പീല്‍ തള്ളിക്കൊണ്ടുള്ള വിധിന്യായത്തില്‍ നിരവധി വൈരുധ്യങ്ങള്‍ പ്രകടമാണ്. ബോംബെ ഹൈക്കോടതിയുടെ വിധി വന്ന് ഒരു ദിവസം പിന്നിട്ടപ്പോള്‍ 2012 ഡിസംബറിലെ നിര്‍ഭയ കേസില്‍ കീഴ്‌ക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും വിധിച്ച നാലു കുറ്റവാളികളുടെ വധശിക്ഷ ശരിവച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് വന്നു. ഈ കേസിന്റെ വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കേവലം നാലു വര്‍ഷത്തിലധികം മാത്രമേ വേണ്ടിവന്നുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ഭയ സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച സമ്മര്‍ദമാവാം ഇതിനൊരു പ്രധാന കാരണം. ഇത് ഒരു വഴിത്തിരിവിലേക്കു കാര്യങ്ങളെത്തിച്ചു. ജസ്റ്റിസ് വര്‍മ കമ്മിറ്റി റിപോര്‍ട്ട് ബലാല്‍സംഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പ്രധാനമായ ചില മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്തത് ഈ സാഹചര്യത്തിലാണ്. ഈ ശുപാര്‍ശകള്‍ പൊതുജന സമ്മര്‍ദത്തിന്റെ ശക്തി എത്രത്തോളമെന്ന് അടിവരയിടുന്നുണ്ട്. എന്നാലും നമുക്ക് ഇനിയും കൂടുതല്‍ ജാഗ്രത വേണ്ടതുണ്ട്. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും സ്ത്രീകള്‍ക്കു നേരെയുള്ള അക്രമാസക്തമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠകള്‍ ഇപ്പോഴും സമൂഹത്തില്‍ സാര്‍വത്രികമായിക്കഴിഞ്ഞുവെന്ന് പറയാനാവില്ല. ബില്‍ക്കീസ് ബാനുവിനെപ്പോലുള്ള പാവപ്പെട്ട സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങളുടെ കാര്യത്തില്‍ നിത്യവും അഭിമുഖീകരിക്കുന്ന നീതിനിഷേധം, താറുമാറായിക്കഴിഞ്ഞ നമ്മുടെ ക്രിമിനല്‍ നീതിന്യായവ്യവസ്ഥയുടെ ഫലമാണ്. അവരുടെ കേസില്‍ ഒരു പൊതു പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയോ നിയമങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നുവരുകയോ ചെയ്തില്ല. അത്തരം ജനകീയ സമ്മര്‍ദങ്ങളോടുള്ള ഭരണകൂടത്തിന്റെ പ്രതികരണങ്ങളും വേണ്ടത്ര ശരിയായ രീതിയിലായിരുന്നില്ല. ജസ്റ്റിസ് വര്‍മ കമ്മിറ്റി ബലാല്‍സംഗത്തിനു വധശിക്ഷ വേണമെന്ന വാദത്തിനെതിരേ ശക്തമായി നിലകൊണ്ടെങ്കിലും ജനങ്ങളുടെ ശബ്ദഘോഷം കണക്കിലെടുത്ത് സര്‍ക്കാര്‍, 2013ലെ ക്രിമിനല്‍ ലോ (ഭേദഗതി) നിയമത്തില്‍ ബലാല്‍സംഗത്തിനു വധശിക്ഷ ഉള്‍പ്പെടുത്തുകയായിരുന്നു. ജ്യോതിസിങ് (നിര്‍ഭയ) കേസിലാവട്ടെ, കീഴ്‌ക്കോടതിയും ഹൈക്കോടതിയും സുപ്രിംകോടതിയും പ്രസ്തുത കുറ്റകൃത്യത്തെ “'അപൂര്‍വത്തില്‍ അപൂര്‍വ'മായി പരിഗണിച്ച് വധശിക്ഷയെ ന്യായീകരിക്കുകയായിരുന്നു. ഇതേ ന്യായവാദം തന്നെയാണ് പൂനെയിലെ ഒരു വിചാരണക്കോടതി, നയന പൂജാരി എന്ന 29കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസിലും അടിസ്ഥാനമാക്കിയത്. എന്‍ജിനീയറായിരുന്ന നയന ജോലിസ്ഥലത്തുനിന്നു വീട്ടിലേക്കു മടങ്ങുംവഴി നാലുപേര്‍ ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോവുകയും ബലാല്‍സംഗം ചെയ്തശേഷം കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു. മൃതശരീരം കണ്ടെത്തുമ്പോള്‍ രൂപവൈകൃതം സംഭവിച്ചിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതും “'അപൂര്‍വത്തില്‍ അപൂര്‍വ'മായ ഒന്നായി കരുതി വധശിക്ഷ വിധിച്ചു. ഈ കേസുകള്‍, 2013ല്‍ ഭേദഗതി ചെയ്ത ബലാല്‍സംഗ നിയമത്തിന്റെ പരിധിയില്‍പ്പെടാതിരുന്നതിനാല്‍ രണ്ടു കേസുകളിലും കൊലക്കുറ്റം മുന്‍നിര്‍ത്തിയാണ് വധശിക്ഷ വിധിച്ചത്.ബില്‍ക്കീസ് ബാനു കേസിലാവട്ടെ, ഭയജനകമാംവിധം ബലാല്‍സംഗവും കൊലയും നടന്നുവെന്നതിനു പുറമെ അവള്‍ സംഭവത്തിന്റെ ഒരു ദൃക്‌സാക്ഷി കൂടിയായിരുന്നു. പകയും വിദ്വേഷവും പ്രകടമാക്കുന്ന അപൂര്‍വമായ നരഹത്യയും ബലാല്‍സംഗവുമാണ് നടന്നതെങ്കിലും കുറ്റവാളികള്‍ ഒരു ജനക്കൂട്ടത്തിന്റെ ഭാഗമായിരുന്നുവെന്നും മുസ്‌ലിംകള്‍ക്കെതിരായ പ്രതികാരചിന്ത കൊണ്ട് അവര്‍ തിളയ്ക്കുകയായിരുന്നുവെന്നുമാണ് കോടതി മൊഴിഞ്ഞത്. ആ ബലാല്‍സംഗവും കൊലയും വര്‍ഗീയ സംഘര്‍ഷത്തിന്റെ ചുറ്റുപാടിലായതുകൊണ്ട് ചെറിയ കുറ്റമാണെന്നാണോ ഇതിനര്‍ഥം? പ്രതികള്‍ക്കു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന്റെ പൂര്‍വകാല ചരിത്രമില്ലെന്നും അതുകൊണ്ട് അവര്‍ വധശിക്ഷ അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞുവച്ചു. എന്നാല്‍, അതേ വാദം ജ്യോതിസിങ് കേസില്‍ വധശിക്ഷ വിധിക്കുമ്പോള്‍ എന്തുകൊണ്ട് ഉയര്‍ത്തിയില്ല? വധശിക്ഷ വേണമെന്നു നിര്‍ണയിക്കാന്‍ നീതിയുടെ ഏത് അളവുകോലാണ് സ്വീകരിച്ചത്? കഴിഞ്ഞ വര്‍ഷം നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി വധശിക്ഷയുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതിയുടെ ഒരു രേഖ പ്രസിദ്ധീകരിച്ചു. വധശിക്ഷ കാത്തുകഴിയുന്നവരുടെ അഭിമുഖങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. 80 ശതമാനം കുറ്റവാളികളും, ദരിദ്രരും പിന്നാക്കജാതിക്കാരും ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നുള്ളവരും ആയിരുന്നുവെന്നാണ് ഈ രേഖ വ്യക്തമാക്കുന്നത്. നിയമസഹായം ലഭ്യമാക്കുന്നതിനുള്ള ശേഷിയില്ലായ്മയാണ് അവര്‍ക്കു വിനയായതെന്നു വ്യക്തം. അവരില്‍ പലര്‍ക്കും തങ്ങള്‍ക്കു വേണ്ടി ഹാജരാവുന്ന അഭിഭാഷകന്റെ പേരു പോലും അറിയില്ല. നീതിന്യായ വ്യവസ്ഥ പാവങ്ങള്‍ക്കും പിന്നാക്കക്കാരനും ന്യൂനപക്ഷങ്ങള്‍ക്കും അപ്രാപ്യമെന്നു തെളിയിക്കുന്ന ഈ സ്ഥിതിവിവരം നമ്മുടെ മനസ്സില്‍ ആഴത്തില്‍ തറച്ചുകയറേണ്ട ഒന്നാണ്. റിപോര്‍ട്ട് പ്രകാശനം ചെയ്യുമ്പോള്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ നിരീക്ഷിച്ചത്, വധശിക്ഷ നടപ്പാക്കുമ്പോള്‍ അതൊരു പ്രതിരോധമാണോ നവീകരണമാണോ പ്രതികാരമാണോ എന്നു നിര്‍ണയിക്കാന്‍ പറ്റുന്ന ഒരു നീതിന്യായ തത്ത്വശാസ്ത്രം നമുക്കുണ്ടെന്ന് താന്‍ കരുതുന്നില്ല എന്നാണ്. അദ്ദേഹം പറഞ്ഞത് ശരിയാണ്. പരിഷ്‌കൃത സമൂഹത്തില്‍ വധശിക്ഷയ്ക്ക് സ്ഥാനമില്ലെന്നു നാം പറയുമ്പോഴും, അതു നിര്‍ത്തലാക്കും വരെ അതിന്റെ ഉപയോഗം നിയതമായ മാനദണ്ഡങ്ങളാല്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.           (ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ 2017 മെയ് 13 ലക്കത്തിലെ എഡിറ്റോറിയല്‍.)

RELATED STORIES

Share it
Top