ബലാല്‍സംഗം; ബോളിവുഡ് നടന്‍ മിഥുന്‍ചക്രവര്‍ത്തിയുടെ മകന്റെ വിവാഹം റദ്ദാക്കി

ഊട്ടി/ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാഅക്ഷയിന്റെ വിവാഹം പോലിസ് ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കി. മഹാഅക്ഷയ് തന്നെ ബലാല്‍സംഗം ചെയ്യുകയും വഞ്ചിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതി നല്‍കിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലിസ് സംഘം എത്തിയതോടെയാണ് വിവാഹം റദ്ദാക്കിയത്. മിഥുന്‍ചക്രവര്‍ത്തിയുടെ ഊട്ടിയിലെ ആഡംബര ഹോട്ടലില്‍ ഇന്നലെയായിരുന്നു വിവാഹം നടത്താനിരുന്നത്.എന്നാല്‍ പോലിസ് എത്തിയതോടെ വിവാഹം റദ്ദാക്കി വധുവിന്റെ കുടുംബം സ്ഥലംവിടുകയായിരുന്നു.മഹാഅക്ഷയുമായി തനിക്കു നാലുവര്‍ഷത്തോളമായി ബന്ധമുണ്ടെന്നും വിവാഹ വാഗ്ദാനം നല്‍കി അദ്ദേഹം ബലാല്‍സംഗം ചെയ്തുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. താന്‍ ഗര്‍ഭിണിയായപ്പോള്‍ ചില മരുന്നുകള്‍ നല്‍കി മഹാഅക്ഷയ് ഗര്‍ഭം അലസിപ്പിച്ചുവെന്നും പരാതിയിലുണ്ട്. മകനുമായി ബന്ധം തുടര്‍ന്നാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് യോഗിതാബാലിക്കെതിരായ കേസ്.
അതേസമയം, കേസില്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യ യോഗിത ബാലിക്കും മകന്‍ മഹാഅക്ഷിയിനും ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സമൂഹത്തില്‍ ഇരുവര്‍ക്കും ആഴത്തില്‍ വേരുകളുണ്ടെന്നും അതിനാല്‍ അവര്‍ ഒളിവില്‍ പോവാന്‍ ഇടയില്ലെന്നും പറഞ്ഞുകൊണ്ടാണ് പ്രത്യേക ജഡ്ജി അശുതോഷ്‌കുമാര്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഡല്‍ഹിയിലെ ബന്ധപ്പെട്ട കോടതിയെ പ്രതികള്‍ക്കു സമീപിക്കാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഇതനുസരിച്ചാണ് ഇവര്‍ ഡല്‍ഹി കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top