ബയോമെഡിക്കല്‍ പ്ലാന്റ് സര്‍ക്കാര്‍ ഉപേക്ഷിക്കണം: വി എം സുധീരന്‍

തിരുവനന്തപുരം: പാലോട് ഒടുചുട്ട പടുക്കയില്‍ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. പ്രദേശവാസികള്‍ ആരംഭിച്ച സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയതായിരുന്നു അദ്ദേഹം. ബയോമെഡിക്കല്‍ പ്ലാന്റിനായി മുഖ്യമന്ത്രിയുടെ ഓഫിസ് അമിത താല്‍പര്യം കാണിക്കുന്നുവെന്ന് സുധീരന്‍ ആരോപിച്ചു. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കേണ്ടത്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇനി അപ്രായോഗികമാണ്. ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ട്. പ്ലാന്റിനെതിരേ സ്ഥലം എംഎല്‍എ ഡി കെ മുരളിയും പെരിങ്ങമല പഞ്ചായത്തും പ്രദേശവാസികളും കടുത്ത എതിര്‍പ്പാണ് അറിയിച്ചിട്ടുള്ളത്. നിര്‍ദിഷ്ട പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം കൂടി കണക്കിലെടുത്ത് പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോവണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. അതേസമയം, പദ്ധതിക്കായി ഐഎംഎ നല്‍കിയ റിപോര്‍ട്ട് പുനപ്പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചില്ല. മറ്റൊരു പദ്ധതിയുടെ തിരക്കിലായതിനാലാണ് സന്ദര്‍ശനം മാറ്റി വച്ചതെന്ന് ബൊട്ടാണിക് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എ ജി പാണ്ഡുരംഗന്‍ പറഞ്ഞു. അതിനിടെ ഐഎംഎ റിപോര്‍ട്ടില്‍ പുനപ്പരിശോധന നടത്തുന്നത് യോഗ്യതയില്ലാത്ത ഏജന്‍സിയെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്ന് ഡയറക്ടര്‍ പറഞ്ഞു. പുതിയ ഒരു എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്‌മെന്റ് (ഇഐഎ) തയ്യാറാക്കാനല്ല ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്. നിലവിലെ റിപോര്‍ട്ട് പരിശോധിക്കുക മാത്രമാണ് ചെയ്യേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന് അതിനുള്ള യോഗ്യതയുണ്ടെന്നും ഡോ. പാണ്ഡുരംഗന്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 2014 ലെ ഇഐഎ റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഐഎംഎ ഇത്തരത്തിലൊരു പ്രചാരണം നടത്തുന്നത്. പദ്ധതിയില്‍ നിന്ന് പിന്നോട്ടു പോവുമെന്ന് പറയുമ്പോഴും ഐഎംഎ പദ്ധതി നടപ്പിലാക്കാന്‍ രഹസ്യ നീക്കം നടത്തുന്നതായി സമരക്കാര്‍ ആരോപിക്കുന്നു. നിര്‍ദിഷ്ട പ്രദേശത്തിന്റെ ഘടന മാറ്റിമറിക്കാന്‍ ഐഎംഎ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ സമീപിച്ചിരിക്കുകയാണ്. പദ്ധതി പ്രദേശത്തേക്കുള്ള പ്രധാന വഴിയിലൂടെ അല്ലാതെ ജനങ്ങളുടേയും സമരക്കാരുടേയും കണ്ണുവെട്ടിച്ച് ജെസിബി കയറ്റാനുള്ള മാര്‍ഗവും ഐഎംഎ തേടുന്നുണ്ട്. പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി ജനങ്ങളെ വിശ്വസിപ്പിച്ചശേഷം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഐഎംഎ നീക്കം നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സമരസമിതി പ്രതിനിധികള്‍ പറഞ്ഞു. ഈ നീക്കത്തിന് തടയിടുവാനാണ് പ്രദേശവാസികള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്.

RELATED STORIES

Share it
Top