ബന്ധു നിയമനം : ഇ പി ജയരാജന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇ പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ സാമ്പത്തികമായോ അല്ലാതെയോ നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് വി ശ്യാംകുമാര്‍ ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ബന്ധുവിന് വേണ്ടി നിയമന ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അദ്ദേഹം ചുമതല ഏറ്റെടുത്തില്ലെന്നും നിയമനം റദ്ദാക്കി സര്‍ക്കാര്‍ തന്നെ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇ പി ജയരാജന്‍ വ്യവസായമന്ത്രിയായി ചുമതലയേറ്റശേഷം ബന്ധുവായ പി കെ സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എംഡിയായി നിയമിച്ചതാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാക്കളായ വി മുരളീധരന്‍,  കെ സുരേന്ദ്രന്‍, പൊതുപ്രവര്‍ത്തകന്‍ നവാസ് എന്നിവര്‍ നല്‍കിയ പരാതികളില്‍ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധീറും ജയരാജനും ഹൈക്കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ഹൈക്കോടതി നിര്‍ദേശപ്രകാരം നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സാമ്പത്തികമായോ അല്ലാതെയോ എന്തു നേട്ടമാണ് ജയരാജന്‍ അടക്കമുള്ള പ്രതികള്‍ ഉണ്ടാക്കിയതെന്നു വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണ പത്രിക സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് പുതിയ വിശദീകരണ പത്രിക നല്‍കിയത്. കേസ് ഇന്നു പരിഗണിക്കും.

RELATED STORIES

Share it
Top