ബന്ധുക്കളുടെ പീഡനം: ഗായകന്റെ കുടുംബം നീതിതേടുന്നു

കോഴിക്കോട്: കല്ലോത്ത് താഴം ആഷിഫ് മഹലില്‍ അബൂബക്കര്‍ കോഴിക്കോട്ടുക്കാര്‍ക്ക് പ്രിയങ്കരനായത് തന്റെ സ്വരമാധുരിയിലൂടെയാണ്. കാരണം അബൂബക്കറിന്റെ ശബ്ദം എം എസ് ബാബുരാജിന്റെ ശബ്ദത്തോട് അടുത്തുനില്‍ക്കുന്നു. കോഴിക്കോട്ടെ ഗായക സംഘമായ ക്രിയേറ്റീവ് ആര്‍ട്ട്‌സില്‍ ഇപ്പോഴും സജീവസാന്നിധ്യമാണ് ആ ശബ്ദം. കഴിഞ്ഞ ദിവസമാണ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇദ്ദേഹത്തെ ആദരി ച്ചത്.
അനാരോഗ്യവും ചികില്‍സയും തളര്‍ത്തിയതിനു പുറമെയാണ് ബന്ധുക്കളില്‍ നിന്നുള്ള പീഡനം.  30വര്‍ഷം മുമ്പ് അബൂബക്കര്‍1.65 ലക്ഷം രൂപ സൂക്ഷിക്കാനായി സഹോദരീ പുത്രന്‍ റസാക്കിനെ ഏല്‍പിച്ചിരുന്നു. ആ തുക ആവശ്യം വന്നപ്പോള്‍ തിരിച്ചു ചോദിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബിസിനസ് നഷ്ടത്തിലാണെന്നും പണം തിരിച്ചു നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നും റസാക്ക് അറിയിച്ചു. അവസാനം അഞ്ചു സെന്റ് ഭൂമി പകരം നല്‍കാമെന്ന തീരുമാനത്തിന് അബൂബക്കര്‍ വഴങ്ങി. എന്നാല്‍ മൂന്നു സെന്റ് സ്ഥലമാണ് ആദ്യം നല്‍കിയത്. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പിന്നീട് കാല്‍ സെന്റും മുക്കാല്‍ സെന്റുമായി ഒരുസെന്റ് ഭൂമികൂടി നല്‍കി. അവര്‍ നല്‍കിയ സ്ഥലത്ത് സ്വന്തമായി വീടുണ്ടാക്കി അബൂബക്കര്‍ താമസം തുടങ്ങി. അതുമുതല്‍ നിരന്തരമായ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് അബൂബക്കറിന്റെ കുടുംബം വിധേയമായി.
അബൂബക്കറിന്റെ ഭാര്യയും മകളും മകനും മരുമകനും ആറും ഒമ്പതും വയസ്സുള്ള പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം. തസ്‌കീനയും ഭര്‍ത്താവും ഇക്കാര്യങ്ങള്‍ ഉന്നയിച്ച് എലത്തൂര്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പോലിസില്‍ നിന്നു കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. അന്ന് ഈ കുടുംബത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് എലത്തൂര്‍ പോലിസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ അതിനുശേഷവും ആക്രമണം തുടര്‍ന്നു. രണ്ടാഴ്ച മുമ്പ് ഇവര്‍ക്കുനേരെ എട്ടോളം പേരടങ്ങിയ സംഘം ആക്രമണം നടത്തി. ആക്രമണം നടന്നത് ഈ കുടുംബത്തിനെതിരേയാണെങ്കിലും എലത്തൂര്‍ പോലിസ് തസ്‌കീനയ്ക്കും ഭര്‍ത്താവിനും എതിരേ 323, 324, 341, 364, 392 എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് സംക്ഷണം നല്‍കണമെന്ന മനുഷ്യവകാശ കമ്മീഷന്റെ മുന്‍ ഉത്തരവ് പോലിസ് നടപ്പാക്കിയില്ലെന്നു മാത്രമല്ല പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് വിലയിരുത്തലിലാണ് കമ്മീഷന്‍.
മനുഷ്യവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ മോഹനദാസ് എസ്പിയെക്കൊണ്ട് ഇക്കാര്യത്തില്‍ നേരിട്ട് അന്വേഷണം നടത്തി വേണ്ട നടപടികളെടുക്കുമെന്നാണ് കഴിഞ്ഞ സിറ്റിങ്ങില്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ കുടുംബം പോലിസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്തായാലും എലത്തൂര്‍ പോലിസിന്റെ നടപടികള്‍ മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, പോലിസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവയുടെ മുന്നിലേക്ക് എത്തിയിട്ടുണ്ട്. ഇതില്‍ ആശ്വാസം കൊള്ളുകയാണ് ഈ കുടുംബം.

RELATED STORIES

Share it
Top