ബന്ദ്: മഹാരാഷ്ട്രയില്‍ അക്രമം; ജനജീവിതം സ്തംഭിച്ചു

മുഹമ്മദ്  പടന്ന

മുംബൈ: പൂനെയില്‍ ദലിത് റാലിക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച മഹാരാഷ്ട്ര ബന്ദില്‍ വ്യാപക അക്രമം. ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. മുംബൈയുടെ വിവിധ ഭാഗങ്ങളിലായി 13 സര്‍ക്കാര്‍ ബസ്സുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. നഗരത്തിന്റെ കിഴക്കന്‍ പ്രാന്തപ്രദേശത്ത് റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. എന്നാല്‍, സബര്‍ബന്‍ ട്രെയിന്‍ ഗതാഗതത്തെ സമരം ബാധിച്ചില്ല. ബന്ദിനെ തുടര്‍ന്ന് 12 വിമാനങ്ങള്‍ റദ്ദാക്കി. 235 വിമാനങ്ങള്‍ വൈകി. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടന്നു. നാഗ്പൂര്‍, പൂനെ, ബാരാമതി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പൂനെയ്ക്ക് സമീപമുള്ള ബാരാമതി, തെക്കന്‍ മഹാരാഷ്ട്രയിലെ ബംഗ്ലി, മിറാജ് എന്നിവിടങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു. കര്‍ണാടക-മഹാരാഷ്ട്ര അന്തര്‍സംസ്ഥാന ബസ്സുകള്‍ ഇന്നലെ സര്‍വീസ് നടത്തിയില്ല. ഹാര്‍ബര്‍ ലൈന്‍ തീവണ്ടികള്‍ പലതും വൈകുകയോ റദ്ദാക്കുകയോ ചെയ്തു. മുംബൈ കിഴക്കന്‍ എക്‌സ്പ്രസ് ഹൈവേ ബന്ദനുകൂലികള്‍ സ്തംഭിപ്പിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ബാന്ദ്ര, കലാനഗര്‍, ധാരാവി, കംഭര്‍വാഡ, കാമരാജ് നഗര്‍, സന്തോഷ് നഗര്‍, ദിന്തോഷി, ഹനുമാന്‍ നഗര്‍, കാന്ത്‌വലി എന്നിവിടങ്ങളില്‍ റോഡ് ഉപരോധത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ബന്ദ് ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെയും ബാധിച്ചു.  ദലിത് ഭൂരിപക്ഷ മേഖലകളില്‍ ബന്ദ് പൂര്‍ണമായിരുന്നു. താനെ, ഘട്‌കോപര്‍, ടിട്‌വാല, ദിവ, നലസൊപ്പാറ, വാഷിം എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ തീവണ്ടി തടഞ്ഞു. ലോകപ്രശസ്ത ഡബ്ബാവാലകള്‍ ഇന്നലെ മുംബൈയില്‍ സര്‍വീസ് നടത്തിയില്ല. ഉച്ചയോടു കൂടി മഹാരാഷ്ട്രാ ബന്ദ് പിന്‍വലിച്ചതായി ദലിത് നേതാവ് പ്രകാശ് അംബേദ്കര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ അക്രമം നിയന്ത്രിക്കുന്നത് ഗുജറാത്ത് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയാണെന്ന് ആര്‍എസ്എസ് ആരോപിച്ചു. അതേസമയം, പൂനെയില്‍ ദലിത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സമസ്ത ഹിന്ദു അഗാഡി നേതാവ് മിലിന്ദ് എക്‌ബോട്ടെ, ശിവ പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ സംഘടനയുടെ നേതാവ് സാംബാനി ബിഡെ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ജിഗ്നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനുമെതിരേ പരാതി ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ 31ന് നടന്ന പൊതുപരിപാടിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.  ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തില്‍ ദലിതുകള്‍ സംഘടിപ്പിച്ച റാലിക്കു നേരെ ഹിന്ദുത്വ സംഘനകള്‍ നടത്തിയ ആക്രമണമാണ് മഹാരാഷ്ട്രയില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.

RELATED STORIES

Share it
Top