ബദിയടുക്ക ടൗണിലും പരിസരങ്ങളിലും ലഹരി വില്‍പന തകൃതി

ബദിയടുക്ക: കേരള-കര്‍ണാടക അതിര്‍ത്തി കടന്നെത്തുന്നത് കോടികളുടെ ലഹരി ഉല്‍പന്നം. നിയമ നടപടി സ്വീകരിക്കേണ്ട അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. സ്വകാര്യ വഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലും ഉണക്ക മല്‍സ്യം, വെറ്റില, പച്ചക്കറി എന്ന വ്യാജേനയാണ് നിരോധിത പുകയില ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ അതിര്‍ത്തി കടന്ന് എത്തുന്നത്. വല്ലപ്പോഴും മാത്രമേ ഇവ പിടിക്കപ്പെടുന്നുള്ളു. സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിയമമുണ്ടെങ്കിലും അവയെല്ലാം കാറ്റില്‍ പറത്തി ബദിയടുക്ക ടൗണിലും പരിസരങ്ങളിലും ലഹരി വസ്തുക്കളുടെ വില്‍പന സജീവമാണ്.
ഒരു വശത്ത് പുകയില ഉല്‍പന്നങ്ങളുടെ വില്‍പന സജീവമാവുമ്പോള്‍ മറുവശത്ത് ബദിയടുക്ക ടൗണിലും പരിസര പ്രദേശങ്ങളായ കന്യപ്പാടി, നീര്‍ച്ചാല്‍, മാടത്തടുക്ക, മുണ്ട്യത്തടുക്ക പള്ളം, ബണ്‍പ്പത്തടുക്ക, പെര്‍ള ചെക്ക് പോസ്റ്റിന് സമീപം, ബദിയടുക്ക ഗോളിയടുക്ക എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായും പരാതിയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കഞ്ചാവ് വില്‍പനക്കിടെ നാട്ടുകാര്‍ നല്‍കിയ വിവരത്തേ തുടര്‍ന്ന് ഒരു യുവാവിനെ പോലിസ് പിടികൂടിയിരുന്നു.
അതേ സമയം ബദിയടുക്ക ടൗണ്‍ കീഴടക്കി കര്‍ണാടകയില്‍ നിന്നും ഗുണ നിലവാരമില്ലാത്ത മള്‍ട്ട് വിസ്‌കി എന്ന് അറിയപെടുന്ന മദ്യം ബസുകളിലും മറ്റും കൊണ്ടു വന്ന് വില്‍പന നടത്തുന്ന ഒരു സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നു.
ബസ് സ്റ്റാന്റിലും ഹോട്ടലുകളുടെ മറവിലും പോലിസ് സ്‌റ്റേഷന് വിളിപ്പാട് അകലെയുള്ള ഒരു മോബൈല്‍ ടവറിന് സമീപത്തെ വിജനമായ സ്ഥലം കേന്ദ്രീകരിച്ചുമാണ് സംഘത്തിന്റെ വില്‍പന. മദ്യ ലഹരിയില്‍ ടൗണിലെത്തുന്ന മദ്യപന്‍മാര്‍ ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ ശല്യം ചെയ്യുന്നതും നിത്യ സംഭവമായി മാറിയിരിക്കുന്നു. വില്‍പന സംഘത്തെ കുറിച്ച് അധികൃതര്‍ വ്യക്തമായി അറിയാമെങ്കിലും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ പോലിസോ, എക്‌സൈസ് അധികൃതരോ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. വല്ലപ്പോഴും പിടികൂടിയാല്‍ തന്നെ ഇത്തരം സംഘത്തിനെതിരേ സ്‌റ്റേഷനില്‍ നിന്നും ജാമ്യം അനുവദിക്കാവുന്ന കേസ് രജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കുകയാണ് പതിവ്. ലഹരി വസ്തുക്കളുടെ വില്‍പന തകൃതയായി നടക്കുമ്പോള്‍ മറുവശത്ത്  മഡ്ക്ക ചൂതാട്ടവും സജീവമാണ്.
ഇത്തരം ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ട് അത്മഹത്യ ചെയ്തസംഭവം ഉണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് രാവിലെയും വൈകുന്നേരങ്ങളിലും ബദിയടുക്ക ടൗണില്‍ പോലിസിന്റെ സേവനം ഉണ്ടായിരുന്നു. അതും ഇപ്പോള്‍ നിലച്ച മട്ടാണ്. സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ മൃദു സമീപനം ചില പോലിസുകാര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിട്ടുണ്ട്.

RELATED STORIES

Share it
Top