ബദാമി മണ്ഡലത്തില്‍ മല്‍സരിക്കാന്‍ സിദ്ധരാമയ്യക്കു നിര്‍ദേശം

ബംഗളൂരു: അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബദാമി മണ്ഡലത്തില്‍ കൂടി മല്‍സരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ബദാമി മണ്ഡലം ഉള്‍പ്പെടുന്ന ഭാഗല്‍കോട്ട് ജില്ലയില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞദിവസം സിദ്ധരാമയ്യയെ കണ്ടു. മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നു കണക്കുകൂട്ടിയാണ് നേതാക്കളുടെ നീക്കം. എന്നാല്‍ നിര്‍ദേശം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നു സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
നിലവില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തിലാണു  സിദ്ധരാമയ്യ ജനവിധി തേടുന്നത്. അതേസമയം മക്കള്‍ രാഷ്ടീയ ആരോപണം പതിവായ കോണ്‍ഗ്രസ്സില്‍ കര്‍ണാടകയില്‍ ഇത്തവണ മുന്നു നേതാക്കളുടെ മക്കള്‍ക്കു മാത്രമാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുള്ളത്. സിദ്ധരാമയ്യുടെ പുത്രന്‍ ഡോ. യതീന്ദ്രന്‍ വരുണാ മണ്ഡലത്തില്‍ നിന്നും, അഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി ജയാ നഗറില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പയുടെ മകള്‍ രൂപ ശശിധരന്‍ കെജിഎഫ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്നാണു കണക്കാക്കുന്നത്.
തങ്ങളുടെ മക്കള്‍ക്ക് സീറ്റാവശ്യപ്പെട്ട് നിരവധി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും മൂന്നു പേര്‍ക്കു മാത്രമാണ് ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചത്. സംസ്ഥാനത്തെ ജാതി സമവാക്യങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണു കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രി തലവനായ സ്‌ക്രീനിങ് കമ്മിറ്റി നേതാക്കളുടെ പേര് പട്ടികയില്‍ നിന്നു നീക്കിയതെന്നു വിലയിരുത്തുന്നു.

RELATED STORIES

Share it
Top