ബദലുണ്ട്, സ്ഥലമുണ്ട്, പക്ഷേ...

നെഞ്ച് പിളരുന്നകീഴാറ്റൂര്‍ - 4  -  സമദ്  പാമ്പുരുത്തി

വമ്പന്‍ വികസന പദ്ധതികള്‍ വിഭാവനം ചെയ്യുമ്പോള്‍ തികഞ്ഞ ആസൂത്രണവും സമഗ്ര പഠനവും അനിവാര്യമാണെന്നാണ് പൊതുതത്ത്വം. ജനങ്ങളുടെ സഹകരണത്തോടെ അവരുടെ ഹിതം പരിശോധിക്കണം. പരിസ്ഥിതി ഉള്‍പ്പെടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സഗൗരവം പരിഗണിക്കണം. മുഴുവന്‍ പേരും ഭൂമി വിട്ടുനല്‍കാന്‍ സമ്മതിച്ചാലും ചട്ടങ്ങളില്‍ ലംഘനം അരുത്... ഇങ്ങനെ നീളുന്നു പാലിക്കേണ്ട നടപടിക്രമങ്ങള്‍. എന്നാല്‍, കീഴാറ്റൂരില്‍ അത്തരത്തിലൊരു കീഴ്‌വഴക്കം ഔദ്യോഗികമായി ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
മറിച്ച്, പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് അട്ടിമറിക്കപ്പെട്ടു. വീടുകള്‍ പൊളിക്കേണ്ട കണക്ക് മാത്രമേ റോഡ് വികസനത്തിനായി നിശ്ചയിച്ച കണ്‍സള്‍ട്ടന്‍സി പരിഗണിച്ചുള്ളൂ. ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുന്ന വിഷയങ്ങളൊന്നും അവര്‍ ഗൗനിച്ചില്ല. നിര്‍ണായക ഘട്ടത്തിലായിരുന്നു കീഴാറ്റൂരിലേക്ക് ഇടത് അനുകൂല പരിസ്ഥിതി സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രംഗപ്രവേശം. കീഴാറ്റൂര്‍ വയലില്‍ മാത്രമല്ല, തൊട്ടടുത്ത തളിപ്പറമ്പ് നഗരത്തിലും അവര്‍ പഠനം നടത്തി. ഇപ്പോള്‍ നിശ്ചയിച്ച അലൈന്‍മെന്റ് നടപ്പായാല്‍ കുപ്പം പുഴയുടെ അഞ്ച് സൂക്ഷ്മ നീര്‍ത്തടങ്ങള്‍ പാടേ നശിക്കുമെന്ന് പരിഷത്ത് റിപോര്‍ട്ടില്‍ പറയുന്നു.
പ്രദേശത്തെ സ്വാഭാവിക ജലസംഭരണികള്‍ ഇല്ലാതാവും. വയല്‍ പ്രദേശം, തണ്ണീര്‍ത്തടം ഉള്‍പ്പെടെ 29.11 ഹെക്റ്റര്‍ ഭൂമി ബൈപാസിനായി ഏറ്റെടുക്കേണ്ടിവരും. കൂവോട്, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണമായും ഇല്ലാതാവും.
സമീപപ്രദേശങ്ങളേക്കാള്‍ ഏറെ താഴ്ന്നുകിടക്കുന്ന ഈ വയലുകളില്‍ കൂടി റോഡ് പണിയാന്‍ മൂന്നര മീറ്ററെങ്കിലും മണ്ണിട്ട് ഉയര്‍ത്തണം. നാലര കിലോമീറ്ററും ഇത്തരത്തില്‍ മണ്ണിടണം. 45 മീറ്റര്‍ വീതിയില്‍ മണ്ണിടുമ്പോള്‍  1,30,000 ലോഡ് മണ്ണ് വേണം. ഇതിനായി കുന്നുകള്‍ ഇടിക്കേണ്ടിവരും. അപ്പോള്‍ പാരിസ്ഥിതിക ആഘാതത്തിന്റെ ആഴം എന്തായിരിക്കുമെന്ന് പരിഷത്ത് ചോദിക്കുന്നു. ദേശീയപാത അതോറിറ്റി പരിശോധിച്ച രണ്ട് അലൈന്‍മെന്റുകളിലും ഇപ്പോള്‍ കീഴാറ്റൂര്‍ വയലിലും എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ വിഭിന്നവും ചെലവു കുറഞ്ഞതുമായ ബദല്‍ നിര്‍ദേശമാണ് പരിഷത്ത് മുന്നോട്ടുവയ്ക്കുന്നത്. നിലവിലുള്ള ദേശീയപാത വികസിപ്പിക്കുകയും ചെറിയ ദൂരത്തില്‍ മേല്‍പ്പാലം നിര്‍മിക്കുകയും ചെയ്യാം. ഇതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരവും പരിസ്ഥിതിക്ക് അനുകൂലവും. തളിപ്പറമ്പ് നഗരത്തില്‍ നിലവില്‍ 30 മീറ്റര്‍ വരെ വീതി ദേശീയപാതയ്ക്കുണ്ട്. വാഹനത്തിരക്ക് ആരംഭിക്കുന്ന ഏഴാം മൈല്‍ മുതല്‍ ലൂര്‍ദ് ആശുപത്രിക്കു സമീപം വരെ 10 മീറ്റര്‍ വീതിയില്‍ ഫ്‌ളൈഓവര്‍ പണിതാല്‍ പ്രശ്‌നം സുഗമമായി പരിഹരിക്കാം. താഴെയും മുകളിലും രണ്ടു വരി വീതം പാതകളായി ഫ്‌ളൈഓവറും നിലവിലുള്ള പാതയും ഉപയോഗപ്പെടുത്താം. നവീകരിക്കുന്ന 5.50 കിലോമീറ്റര്‍ ഹൈവേയില്‍ 2.1 കിലോമീറ്ററിലാണ് ഫ്‌ളൈഓവര്‍ നിര്‍മിക്കേണ്ടത്. 10.33 ഹെക്റ്റര്‍ ഭൂമി മാത്രമേ ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കേണ്ടിവരുകയുള്ളൂ. 30 വീടുകളും 39 വാണിജ്യ സ്ഥാപനങ്ങളുമാണ് നഷ്ടമാവുക.
ഫ്‌ളൈഓവര്‍ നിര്‍മാണത്തിനു ചെലവേറുമെന്ന വാദം ശരിയാണെന്നു തോന്നാമെങ്കിലും 50 വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികള്‍ വേണ്ട. വിശദമായ പാരിസ്ഥിതിക പഠനങ്ങള്‍ നടത്താതെ കോടികള്‍ ചെലവഴിച്ച് നടത്തിയ പല പദ്ധതികളും വിനാശകരമായി മാറിയ ഒട്ടേറെ അനുഭവങ്ങള്‍ കേരളത്തിലുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരിഷത്ത് റിപോര്‍ട്ട് കീഴാറ്റൂര്‍ വഴി കേരളത്തില്‍ ഉടനീളം പ്രചരിച്ചു. അത് ഉയര്‍ത്തുന്ന വികസന ബദലുകള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. പരിസ്ഥിതി ശാസ്ത്രജ്ഞരില്‍ പലരും റിപോര്‍ട്ടിനെ അനുകൂലിച്ചു. എന്നാല്‍, സംസ്ഥാനതലത്തില്‍ ചലനം സൃഷ്ടിക്കുന്ന രാഷ്ട്രീയ വിഷയമായി കീഴാറ്റൂര്‍ മാറിയതല്ലാതെ ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ ജനാധിപത്യ ബദലുകള്‍ക്ക് ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയും പക്ഷേ ഇവിടെ ജനകീയ വികസന ബദലുകള്‍ കണ്ടില്ലെന്ന് നടിച്ചു.
ഇതിനിടെ, പരിഷത്തിന്റെ കണ്ടെത്തലുകളെ അപഹസിക്കാനും ചില കോണുകളില്‍ നിന്നു ശ്രമമുണ്ടായി. “പരിഷത്ത് എന്താ നാട്ടിലെ ദൈവമാണോ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ചോദ്യം. എങ്കില്‍ കീഴാറ്റൂരിനെ രക്ഷിക്കാന്‍ സാക്ഷാല്‍ ദൈവം തന്നെ അവതരിക്കണമെന്ന് മാലോകരും.

(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top