ബഡുഗ നൃത്താവിഷ്‌കാരം; നീലഗിരി കോളജിന് ലോക റെക്കോഡ്

താളൂര്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ബഡുഗ നൃത്താവിഷ്‌കാരത്തിലൂടെ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന് ലോക റെക്കോഡ്. തമിഴ്‌നാട്ടിലെ ബഡുഗ സമുദായത്തിന്റെ തനതു കലാരൂപം ഒരേസമയം 1,570 നര്‍ത്തകരെ അണിനിരത്തി അവതരിപ്പിക്കുകയായിരുന്നു. 23, 24, 25 തിയ്യതികളിലായി നടക്കുന്ന നീലഗിരി എജ്യു എക്‌സ്‌പോയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എലൈറ്റ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് പ്രതിനിധിയും എത്തിയിരുന്നു.
കോളജ് വിദ്യാര്‍ഥികളും സമീപപ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെയാണ് നൃത്തം അഭ്യസിച്ചത്. അണ്ണാ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. ബാലഗുരുസ്വാമി ഉദ്ഘാടനം ചെയ്തു. ഭാരതിയാര്‍ യൂനിവേഴ്‌സിറ്റി ഐഎഎസ് അക്കാദമി ഡയറക്ടര്‍ പ്രഫ. പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശീയ കലാരൂപവും സംസ്‌കാരവും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നു പ്രിന്‍സിപ്പല്‍ ഡോ. എം ദൊരൈ പറഞ്ഞു. അധികൃതരില്‍ നിന്നു ലോക റെക്കോഡ് അംഗീകാരവും ബഹുമതിപത്രവും കോളജ് മാനേജിങ് ട്രസ്റ്റി റാഷിദ് ഗസ്സാലി ഏറ്റുവാങ്ങി.

RELATED STORIES

Share it
Top