ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ കേസ്ആറു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം

ന്യൂഡല്‍ഹി: 2008ല്‍ ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ പോലിസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അരിസ് ഖാന്‍ എന്ന ജുനൈദിനെ ഈയിടെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വിചാരണയാണ് ആറുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസുമാരായ എസ് മുരളീധര്‍, ഐ എസ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഏറ്റുമുട്ടല്‍ സംഘത്തില്‍ ഉണ്ടായിരുന്ന ഡല്‍ഹി പോലിസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മയുടെ മരണത്തിന് കാരണക്കാരനാണെന്ന് പോലിസ് ആരോപിക്കുന്ന ശഹ്‌സാദ് അഹ്മദിന്റെ അപ്പീല്‍ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.
ജുനൈദിനെതിരേ കുറ്റം ചുമത്തിയ തിയ്യതി മുതല്‍ ആറുമാസത്തിനകം മൊഴി രേഖപ്പെടുത്തി വധി പ്രഖ്യാപിക്കണമെന്നാണ് ഹൈക്കോടതി, വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കിയത്.
നിശ്ചിത സമയത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷനും എതിര്‍ഭാഗവും വിചാരണ കോടതിയുമായി പൂര്‍ണമായും സഹകരിക്കണമെന്നും വിചാരണ പൂര്‍ത്തിയായ ഉടന്‍ ഹൈക്കോടതിയിലേക്ക് അയക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. 2008 സപ്തംബര്‍ 19നാണ് ഡല്‍ഹിയിലെ ജാമിയ നഗറില്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ എന്ന് ആരോപിച്ച് ഡല്‍ഹി പോലിസ് അതിഫ് അമിന്‍, മുഹമ്മദ് സാജിദ് എന്നിവരെ കൊലപ്പെടുത്തിയത്.
മുഹമ്മദ് സെയ്ഫ്, ശീഷാന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓപറേഷന്‍ ബട്‌ല ഹൗസ് എന്ന് പേരിട്ട് ഡല്‍ഹി പോലിസ് നടത്തിയ ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top