ബട്‌ലര്‍ ഇഫക്ടില്‍ മുംബൈ ചാരം; പ്ലേ ഓഫ് സാധ്യത സജീവമാക്കി രാജസ്ഥാന്‍മുംബൈ: ഐപിഎല്ലിലെ ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ ആതിഥേയരായ മുംബൈയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്ന ജോസ് ബട്‌ലറാണ് (94*) രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. 53 പന്തില്‍ ഒമ്പത് ഫോറും അഞ്ച് സിക്‌സുമാണ് ബട്‌ലര്‍ പറത്തിയത്. ഇന്നത്തെ പ്രകടനത്തോടെ ഒരു സീസണില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന സെവാഗിന്റെ റെക്കോഡിനൊപ്പം ബട്‌ലറുമെത്തി. അജിന്‍ക്യ രഹാനെ (37), സഞ്ജു സാംസണ്‍ (26) എന്നിവരും രാജസ്ഥാന്‍ നിരയില്‍ തിളങ്ങി.
നേരത്തെ ഓപണര്‍മാരുടെ ബാറ്റിങ് മികവാണ് മുംബൈക്ക് കരുത്തായത്. എവിന്‍ ലെവിസ് ( 42 പന്തില്‍ 60) അര്‍ധ സെഞ്ച്വറിയോടെ മുംബൈ നിരയിലെ ടോപ് സ്‌കോററായി. നാല് വീതം സിക്‌സറുകളും ഫോറുകളും ഉള്‍പ്പെട്ടതായിരുന്നു ലെവിസിന്റെ ഇന്നിങ്‌സ്. സൂര്യകുമാര്‍ യാദവ് (31 പന്തില്‍ 38), ഹര്‍ദിക് പാണ്ഡ്യ ( 21 പന്തില്‍ 36) എന്നിവരും മുംബൈ നിരയില്‍ തിളങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദിക് മൂന്ന് ഫോറും രണ്ട് സിക്‌സറുമാണ് അക്കൗണ്ടിലാക്കിയത്. മുംബൈ നായകന്‍ രോഹിത് ശര്‍മ (0) വീണ്ടും നിരാശപ്പെടുത്തി. ക്രുണാല്‍ പാണ്ഡ്യയ്ക്കും ( 7 പന്തില്‍ 3 ) തിളങ്ങാനായില്ല.രാജസ്ഥാന് വേണ്ടി ബെന്‍ സ്‌റ്റോക്‌സ് ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണി, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top