ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നില്‍ സംഘപരിവാരമെന്ന് എംഎല്‍എ

മംഗളൂരു: മംഗളൂരുവില്‍ വെട്ടേറ്റു മരിച്ച ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ ദീപക് റോയുടെ കൊലയ്ക്കു പിന്നില്‍ സംഘപരിവാര സംഘടനയായ ബിജെപി മൈനോറിറ്റി മോര്‍ച്ചയെന്ന്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിങ്കി നവാസ് മൈനോരിറ്റി മോര്‍ച്ച പ്രവര്‍ത്തകനാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു സമയത്തു ബിജെപി സ്ഥാനാര്‍ഥി കൃഷ്ണ ജെ പാലിമാറിനു വേണ്ടി ഇയാള്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നുവെന്നും സിറ്റിങ് എംഎല്‍എ മൊയ്തീന്‍ ബാവ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ബിജെപി പ്രവര്‍ത്തകനായ ലാദിന്‍ ഇസ്മയിലിന്റെ സഹോദരനായ ഇയാള്‍ക്കു ബിജെപിയിലെ തന്നെ പ്രമുഖ വ്യവസായിയുമായും ബന്ധമുണ്ട്. സഹോദരീ ഭര്‍ത്താവായ മുഹമ്മദ് അലിയും ബിജെപി പ്രവര്‍ത്തകനാണെന്നും മൊയ്തീന്‍ ബാവ ചൂണ്ടിക്കാട്ടുന്നു. അഞ്ചു വര്‍ഷത്തോളമായി മണ്ഡലത്തില്‍ ഇത്തരത്തിലൊരു ക്രമസമാധാന പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ദക്ഷിണ കര്‍ണാടകയിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ബിജെപിയും വര്‍ഗീയശക്തികളുമാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും നിക്ഷ്പക്ഷമായ അന്വേഷണമാണു കേസില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണു സൂറത്കല്‍ സ്വദേശി ദീപക് (22) ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാട്ടിപ്പള്ളയില്‍ വച്ച് കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതോടെ മംഗളൂരുവിലും സമീപപ്രദേശങ്ങളിലും സംഘര്‍ഷം ഉടലെടുത്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ടു മുല്‍ക്കിയിലെ നൗഷാദ്, റിസ്‌വാന്‍, പിങ്കി നവാസ്, നിര്‍ഷാന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കനറയുടെ പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

RELATED STORIES

Share it
Top