ബജറ്റ് അവതരിപ്പിക്കാതെ വൈസ് പ്രസിഡന്റ് ഇറങ്ങിപ്പോയി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പഴ പഞ്ചായത്തില്‍ സിപിഐയില്‍ ചേരിപ്പോര് രൂക്ഷം. ബജറ്റ് അവതരിപ്പാക്കാതെ ഇറങ്ങിപ്പോയ സിപിഐയിലെ വൈസ് പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് എല്‍ഡിഎഫ് യോഗം ആവശ്യപ്പെട്ടു. ഏറെക്കാലാമായി സിപിഐക്കുള്ളില്‍ പുകഞ്ഞിരുന്ന ചേരിപ്പോരാണ് ബജറ്റ് അവതരിപ്പാക്കാതെയുള്ള വൈസ് പ്രസിഡന്റ് രത്‌നാവതിയുടെ ഇറങ്ങിപ്പോക്കിലൂടെ വെളിച്ചത്തായത്.
കഴിഞ്ഞ ദിവസം നടന്ന ബജറ്റ് അവതരണ യോഗത്തില്‍ നിന്ന് വൈസ് പ്രസിഡന്റ് ഇറങ്ങിപോയതിനെ തുടര്‍ന്ന് പ്രസിഡന്റ് വി കെ ഷംസുദ്ദീനാണ് ബജറ്റ് അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റിന്റെ ഇറങ്ങിപ്പോക്കിനു ശേഷം ചേര്‍ന്ന ഇടതു മുന്നണി യോഗത്തില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ യോഗം സിപിഐയോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ സിപിഐ അംഗങ്ങള്‍പരസ്പരം കോര്‍ത്തു. വൈസ് പ്രസിഡന്റിന്റെ നടപടി തെറ്റാണെന്ന് യോഗത്തില്‍അധ്യക്ഷത വഹിച്ച സിപിഐയിലെ പി മണികണ്ഠന്‍ പറഞ്ഞു. ഇവര്‍ക്കു പുറകില്‍ ചിലരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെ സിപിഐയിലെ പി ചിന്നക്കുട്ടന്‍ എതിര്‍ത്തു.
മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് പദവി അടുത്ത രണ്ടു വര്‍ഷം സിപിഐക്കാണ്. ധാരണപ്രകാരം പി മണികണ്ഠന്‍ പ്രസിഡന്റാവും. മണികണ്ഠന്‍ പ്രസിഡന്റാവുന്നതോടെ പി ചിന്നക്കുട്ടന്‍ വഹിക്കുന്ന സ്ഥിരം സമിതി ചെയര്‍മാന്‍പദവിയും രത്‌നാവതി വഹിക്കുന്ന വൈസ് പ്രസിഡന്റ് പദവിയും സിപിഎമ്മിന് ലഭിക്കും.
പ്രസിഡന്റ് ലീവായിരുന്ന സമയത്ത് ചില വാര്‍ഡുകളില്‍ കൂടുതല്‍ ഫണ്ട്അനുവദിച്ച് ഡിപിസി അംഗീകാരം വാങ്ങിയത് പി മണികണ്ഠന്‍ചോദ്യം ചെയ്തിരുന്നു. ഇതും സിപിഐക്കുള്ളില്‍ ചേരിപ്പോരിന് ആക്കംകൂട്ടി.

RELATED STORIES

Share it
Top