ബജറ്റില്‍ വകയിരുത്തിയ തുക ഉടന്‍ അനുവദിക്കണം: വികസന സമിതി

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ മുഴുവന്‍ തുകയും അടിയന്തരമായി അനുവദിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. 2017-18 വര്‍ഷത്തേക്ക് 90 കോടി രൂപയായിരുന്നു ബജറ്റില്‍ വകയിരുത്തിയിരുന്നത്.
എന്നാല്‍ ഇതില്‍ 35.27 കോടി രൂപമാത്രമാണ് ഇതുവരെ ലഭിച്ചതെന്നും ബാക്കിയുള്ള തുക അടിയന്തരമായി ലഭ്യമാക്കണമെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോടിന്റെ വികസനത്തിന് നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുന്ന പെരിയ എയര്‍സ്ട്രിപ്പ് സ്വകാര്യ സംരംഭത്തോടെ പ്രാവര്‍ത്തികമാക്കുവാനുള്ള ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശം വികസന സമിതിയോഗം അംഗീകരിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച സമിതി പദ്ധതിക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലയില്‍ നടത്തുന്ന പ്രദര്‍ശന-വിപണന മേളയും ജില്ലാതല പരിപാടികളും വിജയകരമാക്കുവാന്‍ ജില്ലാവികസന സമിതിയോഗം തീരുമാനിച്ചു. ജില്ലയിലെ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും യോഗത്തില്‍ പോലിസിന് നിര്‍ദേശം നല്‍കി.
കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ വാഹനാപകടങ്ങള്‍ കൂടുന്നതിന് പ്രധാനകാരണം വാഹനങ്ങളുടെ അമിതവേഗതയാണെന്നും വാഹനങ്ങളുടെ അമിതവേഗത കണ്ടെത്തുന്നതിന് ആധുനിക സ്പീഡ് ഡിറ്റക്ഷന്‍ കാമറകള്‍ സ്ഥാപിക്കണമെന്നും ആര്‍ടിഒ റിപോര്‍ട്ട് ചെയ്തു. കെല്‍ട്രോണുമായി ചേര്‍ന്ന് ഇതിനുള്ള പദ്ധതി തയ്യാറാക്കി റോഡ് സുരക്ഷാ കമ്മീഷണര്‍ക്ക് ജില്ലാ പോലിസ് മേധാവി മുഖേന സമര്‍പ്പിച്ചതായും ആര്‍ടിഒ അറിയിച്ചു.
കാസര്‍കോട് ബീച്ചിന് സമീപത്തെ പുഴ ശുദ്ധീകരിക്കുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനും 1.2 ലക്ഷം രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ ഇവിടെ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യമടക്കമുള്ള മണല്‍ നീക്കം ചെയ്യുവാന്‍ ഡംപിങ്് യാര്‍ഡ് കണ്ടെത്തേണ്ടത് ആവശ്യമാണെന്നും ഏകദേശം 3500 ലോഡ് മാലിന്യം നിറഞ്ഞ മണല്‍ ഉണ്ടാകുമെന്നും മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. എഡിഎം എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ എ ജലീല്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ് സംസാരിച്ചു.

RELATED STORIES

Share it
Top