ബജറ്റില്‍ കേരളത്തെ തഴഞ്ഞു

ന്യൂഡല്‍ഹി: അസംബ്ലി തിരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളെ പരിഗണിച്ച കേന്ദ്ര ബജറ്റ് കേരളത്തെ പൂര്‍ണമായും തഴഞ്ഞു. സംസ്ഥാനത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എയിംസ്) ഇത്തവണയും ലഭിച്ചില്ല. റബര്‍ അടക്കമുള്ള നാണ്യവിളകളുടെ വിലത്തകര്‍ച്ചയ്ക്കു പരിഹാരം കാണണമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. പുതിയ റബര്‍ നയം പ്രഖ്യാപിക്കുമെന്ന് മോദി സര്‍ക്കാരിന്റെ തുടക്കത്തില്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും പുതിയ ബജറ്റിലും ഇതേക്കുറിച്ചു പരാമര്‍ശമില്ല. പാലക്കാട് കോച്ച് ഫാക്ടറിക്കും ഫണ്ട് വകയിരുത്തിയില്ല. റെയില്‍വേ ഗേജ് മാറ്റം, പാതയിരട്ടിപ്പിക്കല്‍, പുതിയ പാതകള്‍, വൈദ്യുതീകരണം തുടങ്ങിയ ആവശ്യങ്ങളും ബജറ്റില്‍ പരിഗണിച്ചില്ല. 16,738 കോടി രൂപയായിരുന്ന സംസ്ഥാന സര്‍ക്കാരിനുള്ള നികുതിവിഹിതം ഇത്തവണ 19,703 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കശുവണ്ടി കയറ്റുമതി വികസനത്തിന് നാലു കോടി മാത്രമാണ് അനുവദിച്ചത്. തേയില ബോര്‍ഡിന് 145 കോടിയും സുഗന്ധവിള ബോര്‍ഡിന് 80 കോടിയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെ ക്ഷേമ ബോര്‍ഡിന് 43 കോടി 60 ലക്ഷം രൂപയും അനുവദിച്ചു. കയര്‍ വികാസ് ബോര്‍ഡിന് 80 കോടിയും മല്‍സ്യബന്ധന മേഖലയ്ക്ക് 94 കോടിയും പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് 495 കോടിയും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 82.66 കോടിയുമാണ് ബജറ്റില്‍ നീക്കിവച്ചത്.

RELATED STORIES

Share it
Top