ബജറ്റില്‍ കണ്ണൂര്‍ ജില്ലയ്ക്കു തലോടല്‍

കണ്ണൂര്‍: പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റില്‍ മുഖ്യമന്ത്രിയുടെ ജില്ലയ്ക്ക് തലോടല്‍ മാത്രം. പ്രത്യേക പദ്ധതികളൊന്നും വിഭാവനം ചെയ്തിട്ടില്ല. മാത്രമല്ല, സ്വപ്‌നപദ്ധതിയായ കണ്ണൂര്‍ വിമാനത്താവളം ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുമെന്ന പരാമര്‍ശമല്ലാതെ അനുബന്ധ റോഡുകളുടെയോ മറ്റു വികസന പ്രവൃത്തികളുടെയോ ആവശ്യകതയെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് മൗനം പാലിക്കുന്നു. എന്നാല്‍, കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനം പ്രതീക്ഷയേകുന്നതാണ്. ഇതിനായി 38 കോടിയാണു അനുവദിച്ചത്. ജില്ലാ ആശുപത്രിയില്‍ കാത്ത്‌ലാബ്, ഓപറേഷന്‍ സൗകര്യങ്ങളോടെ കാര്‍ഡിയോളജി വകുപ്പ്, ജനറല്‍ ആശുപത്രികളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, താലൂക്ക് ആശുപത്രികളില്‍ ട്രോമ കെയര്‍ യൂനിറ്റ് എന്നിവ തുടങ്ങുമെന്ന പ്രഖ്യാപനവും ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് കരുത്തേകും. എകെജി സ്മാരക മ്യൂസിയത്തിനു ജന്‍മനാടായ പെരളശ്ശേരിയില്‍ 10 കോടി അനുവദിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. കൈത്തറി സ്‌കൂള്‍ യൂനിഫോം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 200 ദിവസത്തെ പണി ഉറപ്പുവരുത്തുമെന്നത് തറികളുടെ നാടായ കണ്ണൂരിനു അല്‍പം ആശ്വാസം പകരുമെന്നതില്‍ സംശയമില്ല. കൈത്തറിക്ക് 46 കോടിയും ഖാദിക്ക് 19 കോടിയും ബജറ്റില്‍ വകയിരുത്തി. കണ്ണൂര്‍ സര്‍വകലാശാലയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ 25 കോടിയാണ് അനുവദിച്ചത്. കണ്ണൂര്‍ വ്യവസായ പാര്‍ക്കിന് 1000 ഏക്കര്‍ ഭൂമി ഏറ്റെടുക്കും.  അഴീക്കല്‍ ഉള്‍പ്പെടെ അഞ്ച് ഇടത്തരം തുറമുഖങ്ങളുടെ വികസനത്തിന് 77 കോടി അനുവദിച്ചു. നേരത്തേ മേജര്‍ തുറമുഖമാക്കുമെന്ന പ്രഖ്യാപിച്ച അഴീക്കലിനെ ഇടത്തരം തുറമുഖങ്ങളിലാണ് ഉള്‍പ്പെടുത്തിയത്. പഴശ്ശി ഉള്‍പ്പെടെ മൂന്ന് പദ്ധതികളുടെ നവീകരണത്തിനും കനാല്‍ പുനരുദ്ധാരണത്തിനുമായി ഈ വര്‍ഷം പുതുതായി ഏറ്റെടുക്കുന്ന സ്‌കീമിന് 14 കോടി അനുവദിച്ചു. വന്യജീവി ആക്രമണം പ്രതിരോധിക്കാന്‍ തയ്യാറാക്കുന്ന പദ്ധതി ആറളം മേഖലയ്ക്കു മുതല്‍ക്കൂട്ടാവും. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത 2020ല്‍ പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍. ഇതില്‍ വളപട്ടണം-മാഹി വരെ ജലമാര്‍ഗം തീരെയില്ലാത്ത 26 കിലോമീറ്ററില്‍ ഭൂമി ഏറ്റെടുക്കും.   കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എന്ന സംയുക്ത സംരംഭം ഈവര്‍ഷം തുടങ്ങുമെന്നാണ് പ്രഖ്യാപനം. തലശ്ശേരി-മൈസൂരു പാതയുടെ ഡിപിആര്‍ തയ്യാറായി വരുന്നത് ഇതോടൊപ്പം ഉള്‍പ്പെടുത്തി. ഫോക്‌ലോര്‍ അക്കാദമി ഉള്‍പ്പെടെ 5 അക്കാദമികള്‍ക്ക് 15.9 കോടി അനുവദിച്ചതും പ്രയോജനകരമാവും. ട്രാന്‍സ് ജെന്‍ഡറുകള്‍ക്കായി ജില്ലാ കേന്ദ്രങ്ങളില്‍ സുരക്ഷിത സേഫ് ഹോംസ് സ്ഥാപിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്ക് മുതല്‍ക്കൂട്ടാവും. ജയിലുകളുടെ നവീകരണത്തിന് ആകെ 14.50 കോടി അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, ജയില്‍ വിഭവങ്ങളുടെ ലാഭത്തിന്റെ 50 ശതമാനം പ്രിസണ്‍ ഡവലപ്‌മെന്റ് ഫണ്ട് ഉണ്ടാക്കി ജയിലുകളുടെ അറ്റകുറ്റപ്പണിക്ക് ഉപയോഗിക്കും. ഇത്തരം പ്രഖ്യാപനങ്ങള്‍ ജയില്‍ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസം പകരുന്നതാണ്. പൈതൃക പദ്ധതിക്ക് 20 കോടി അനുവദിച്ചത് തലശ്ശേരിക്ക് മുതല്‍ക്കൂട്ടാവും.

RELATED STORIES

Share it
Top