ബംബ്രാണയില്‍ ഭൂമി അളന്നുകിട്ടിയ 11 കുടുംബങ്ങള്‍ ദുരിതത്തില്‍

കുമ്പള: പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ പ്രവേശനം നിഷേധിച്ച സംഭവുമായി ബന്ധപ്പെട്ട് ബംബ്രാണ ഭൂമി പ്രശ്‌നത്തിന് ഇനിയും പരിഹാരമായില്ല. 2014 ഫെബ്രുവരിയില്‍ പട്ടയം കിട്ടി നിരവധി പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഭൂമി പതിച്ചുകിട്ടിയത്.
2015 ഡിസംബറില്‍ ഭൂമി അളന്ന് കൊടുക്കാന്‍ തഹസില്‍ദാര്‍ വന്നപ്പോള്‍ ഇവരെ മര്‍ദ്ദിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞ് പോലിസ് സംരക്ഷണത്തിലാണ് ഭൂമി അളന്ന് കൊടുത്തത്. ഏറ്റവുമൊടുവില്‍ ആ ഭൂമി അവര്‍ക്ക് കൊടുത്തത് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് കുമ്പള പഞ്ചായത്ത് റിവിഷന്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 11 കുടുംബങ്ങളെ തിരുവനന്തപുരത്തെ റവന്യൂ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് വിളിപ്പിച്ചു. ഭിന്നശേഷിയുള്ളവരും രോഗികളുമായ ആളുകളാണെന്ന് ഇവരെന്ന് ഭൂസമരസമിതി പ്രവര്‍ത്തകര്‍ ലാന്റ് റവന്യൂ കമ്മീഷണറെ ബോധ്യപ്പെടുത്തിയപ്പോള്‍ ബാക്കിയുള്ളവരുടെ ഒപ്പിട്ട അപേക്ഷകളുമായി തിരുവനന്തപുരത്തേക്ക് എത്താന്‍ പറഞ്ഞു.
അബ്ദുല്ല, കാസിം എന്നിവര്‍ ഭൂസമര സമിതി ജില്ലാ കണ്‍വീനര്‍ പി കെ അബ്ദുല്ലയുടെ കൂടെ തിരുവനന്തപുരത്തെ റവന്യൂ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് പോയി ഹിയറിങ് കഴിഞ്ഞ് തിരിച്ചു വന്നു.
ഇപ്പോള്‍ ലാന്റ് റവന്യൂ കമ്മീഷണറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഈ പാവങ്ങള്‍. കുമ്പള പഞ്ചായത്ത് ഭരണ സമിതി നിയോഗിച്ച സെക്രട്ടറിയും പാര്‍ട്ടി വക്കീലും ഹിയറിങിന് തിരുവനന്തപുരത്ത് എത്തിയിരുന്നു. നേരത്തെ പഞ്ചായത്ത് ആര്‍ഡിഒക്ക് ഹരജി കൊടുത്തത് ആര്‍ഡിഒ തള്ളിയിരുന്നു. ആസ്യമ്മ, സുശീല, മുഹമ്മദ്, കാസിം, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് കുഞ്ഞി, ഭവാനി, സക്കീന, അബ്ദുല്ല, സുഭാഷിണി, മുഹമ്മദ് എന്നിവര്‍ക്കാണ് സീറോ ലാന്റ്‌ലെസ്സ് പദ്ധതി പ്രകാരം മൂന്ന് സെന്റ് ലഭിച്ചിരിക്കുന്നത്.
ആദ്യം സ്ഥലവാസികളായ ചിലരാണ് ഭൂമി ഇവര്‍ക്ക് നല്‍കുന്നതിന് എതിര്‍പ്പുമായി എത്തിയതെങ്കില്‍ പിന്നീട് ഈ ഭൂമി പൊതുആവശ്യത്തിന് വേണമെന്ന് ആവശ്യപ്പെട്ട് കുമ്പള പഞ്ചായത്ത് തന്നെ രംഗത്തെത്തുകയായിരുന്നു. ഒരു സെന്റ് പോലും ഭൂമിയില്ലാത്ത ഇവര്‍ക്ക് ഭൂമി മാറ്റി നല്‍കാന്‍ പഞ്ചായത്തും റവന്യൂ വകുപ്പും ശ്രമിച്ചുവെങ്കിലും കലക്്ടറുടെ ഇടപെടല്‍ മൂലമാണ് ഇവര്‍ക്ക് ഭൂമി അളന്നുതിരിച്ച് നല്‍കിയത്.

RELATED STORIES

Share it
Top