ബംഗ്ലാദേശ് - ശ്രീലങ്ക ടെസ്റ്റ് സമനിലയില്‍ചിറ്റഗോങ്: ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മല്‍സരം സമനിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് അഞ്ച് വിക്കറ്റിന് 307 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മല്‍സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 513 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 713 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 200 റണ്‍സിന്റെ ലീഡ് വഴങ്ങിയ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് കടുത്ത പ്രതിരോധത്തിനൊടുവില്‍ സമനില നേടിയെടുക്കുകയായിരുന്നു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം രണ്ടാംഇന്നിങ്‌സിലും സെഞ്ച്വറി നേടിയ മൊമിനുള്‍ ഹഖിന്റെ (105) ബാറ്റിങാണ് ആതിഥേയര്‍ക്ക് തുണയായത്. ബംഗ്ലാദേശിന് വേണ്ടി ഒരു മല്‍സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോഡും മൊമിനുല്‍ ഹഖ് സ്വന്തമാക്കി. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 176 റണ്‍സും മൊമിനുള്‍ ഹഖ് സ്വന്തമാക്കിയിരുന്നു. വിക്കറ്റ് കീപ്പര്‍ ലിന്റെ ദാസ് (94), തമിം ഇക്ബാല്‍ (41) എന്നിവരുടെ ബാറ്റിങും ബംഗ്ലാദേശിന് കരുത്തായി. മഹമ്മുദുല്ല (28), മൊസദക് ഹുസൈന്‍ (8) എന്നിവര്‍ ബംഗ്ലാദേശ് നിരയില്‍ പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ രങ്കണ ഹരാത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി. നേരത്തെ കുശാല്‍ മെന്‍ഡിസ് (196), ധനഞ്ജയ് ഡി സില്‍വ (176), റോഷന്‍ സില്‍വ (109) എന്നിവരുടെ സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൊമിനുള്‍ ഹഖാന് കളിയിലെ താരം.

RELATED STORIES

Share it
Top