ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: തൃണമൂലിന് ഉജ്ജ്വല ജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. ഗ്രാമപ്പഞ്ചായത്തുകളില്‍ 9,270 സീറ്റുകള്‍ കരസ്ഥമാക്കി പാര്‍ട്ടി ഒന്നാം സ്ഥാനത്തെത്തി. മിക്ക ജില്ലകളിലും രണ്ടാം സ്ഥാനത്തു ബിജെപിയാണ്. 2,317 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ മുന്നേറുകയാണ്. ബിജെപിക്ക് 2,079 സീറ്റുകള്‍ ലഭിച്ചു. 200 സീറ്റുകളില്‍ പാര്‍ട്ടി മുന്നിലാണ്. സിപിഎമ്മിന് 562 സീറ്റുകള്‍ ലഭിച്ചു. 113 സീറ്റുകളില്‍ പാര്‍ട്ടി മുന്നിലാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് 315 സീറ്റുകളില്‍ ജയിച്ചു. 61 സീറ്റുകളില്‍ പാര്‍ട്ടി മുന്നേറുകയാണ്. 707 സീറ്റുകളില്‍ സ്വതന്ത്രന്‍മാരാണ് ജയിച്ചത്. 120 സീറ്റുകളില്‍ അവര്‍ മുമ്പിലുമാണ്. 95 പഞ്ചായത്ത് സമിതി സീറ്റുകള്‍ തൃണമൂലിന് ലഭിച്ചു. 65 സീറ്റുകളില്‍ പാര്‍ട്ടി മുന്നിലാണ്.
ജില്ലാ പരിഷത്തുകളില്‍ 10 സീറ്റുകളില്‍ തൃണമൂല്‍ ജയിച്ചു. 25 സീറ്റുകളില്‍ പാര്‍ട്ടി മുന്നേറുകയുമാണ്. ഗ്രാമപ്പഞ്ചായത്തുകളില്‍ തൃണമൂലിന്റെ പ്രധാന എതിരാളിയായി ബിജെപി വളര്‍ന്നു. കോണ്‍ഗ്രസ്സിന് ശക്തിയുള്ള മുര്‍ഷിദാബാദും മാള്‍ഡയുമൊഴിച്ച് ഏതാണ്ട് മിക്ക ജില്ലകളിലും ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. മുര്‍ഷിദാബാദില്‍ തൃണമൂല്‍ 466 സീറ്റുകള്‍ കരസ്ഥമാക്കി. ഇവിടെ 83 സീറ്റോടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി.
പുരുലിയയില്‍ ഗ്രാമപ്പഞ്ചായത്ത് സീറ്റുകളില്‍ തൃണമൂലിനേക്കാള്‍ നേരിയ മുന്‍തൂക്കം ബിജെപിക്കാണ്. ബിജെപി 275 സീറ്റുകള്‍ നേടിയപ്പോള്‍ തൃണമൂലിന് 262 സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് 62ഉം സിപിഎം 44ഉം സീറ്റുകള്‍ നേടി.
ദക്ഷിണ 24 പര്‍ഗാനാസില്‍ തൃണമൂല്‍ 1028 ഗ്രാമപ്പഞ്ചായത്ത് സീറ്റുകള്‍ കരസ്ഥമാക്കി. 177 സീറ്റുകളോടെ ബിജെപി രണ്ടാം സ്ഥാനത്തെത്താണ്. സിപിഎമ്മിന് 72ഉം കോണ്‍ഗ്രസ്സിന് 16ഉം സീറ്റ് ലഭിച്ചു.
പൂര്‍വ മിഡ്‌നാപൂരില്‍ തൃണമൂല്‍ 1075 ഗ്രാമപ്പഞ്ചായത്ത് സീറ്റുകള്‍ നേടി. ബിജെപിക്ക് 74ഉം സിപിഎമ്മിന് 55ഉം കോണ്‍ഗ്രസ്സിന് അഞ്ചും സീറ്റുകള്‍ ലഭിച്ചു. 20 ജില്ലകളിലായി 621 ജില്ലാ പരിഷത്തിലേക്കും 6,123 ഗ്രാമപ്പഞ്ചാത്ത് സീറ്റുകളിലേക്കും ഈ മാസം 14നാണു വോട്ടെടുപ്പ് നടന്നത്. കനത്ത സുരക്ഷയില്‍ ഇന്നലെ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ഫലം മുഴുവന്‍ പുറത്തുവന്നിട്ടില്ല. വോട്ടെണ്ണല്‍ തുടരുകയാണ്.

RELATED STORIES

Share it
Top