ബംഗാളില്‍ സംഘര്‍ഷം വ്യാപിക്കുന്നു; ബസുദേവ് ഭട്ടാചാര്യക്ക് മര്‍ദനം

കൊല്‍ക്കത്ത: അടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ടു പശ്ചിമ ബംഗാളില്‍ വിവിധ ഇടങ്ങളില്‍ അക്രമം വ്യാപിക്കുന്നു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം. സിപിഎം നേതാവും ഒമ്പതു തവണ എംപിയുമായിരുന്ന ബസുദേവ് ഭട്ടാചാര്യയെ പുരുലിയയില്‍ വച്ചു തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം സ്ഥാനാര്‍ഥിക്കൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതായിരുന്നു ഭട്ടാചാര്യ. മുര്‍ഷിദാബാദ് ജില്ലയില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലും ബിര്‍ബം ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. ഇരുസ്ഥലങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിര്‍ബം ജില്ലയില്‍ ബോംബാക്രമണവുമുണ്ടായി. പോലിസ് ലാത്തി വീശിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
പത്രികാ സമര്‍പ്പണത്തിനെത്തിയ സ്ഥാനാര്‍ഥിയെ അകാരണമായി തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നു ബിജെപി ആരോപിച്ചു. ബോംബും തോക്കുമായി ആക്രമിക്കുന്നവരെ മധുരം നല്‍കി സ്വീകരിക്കുമെന്നു കരുതേണ്ടെന്നും ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കി.
എന്നാല്‍, ആരോപണങ്ങളെല്ലാം തൃണമൂല്‍ നിഷേധിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ ഇറക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമമെന്നു തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.

RELATED STORIES

Share it
Top