ബംഗാളില്‍ പുതിയ തന്ത്രവുമായി ബിജെപി

കൊല്‍ക്കത്ത: ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ന്യൂനപക്ഷ വോട്ടിനായി പുതിയ രാഷ്ട്രീയ തന്ത്രം പയറ്റി ബിജെപി. കൂടുതല്‍ ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് അവസരം നല്‍കിയാണ് ബിജെപി ബംഗാളില്‍ പുതിയ അടവുനയം പരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി 14നു നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് 850ലധികം ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ ബിജെപി രംഗത്തിറക്കി.
ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി ഇത്രയുമധികം ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് അവസരം നല്‍കുന്നത്. 2013 തിരഞ്ഞെടുപ്പില്‍ 100ല്‍ താഴെ ന്യൂനപക്ഷ സ്ഥാനാര്‍ഥികളെയാണ് ബിജെപി നിര്‍ത്തിയിരുന്നത്.
അതേസമയം, ന്യൂനപക്ഷ വിഭാഗക്കാരെ സ്ഥാനാര്‍ഥിയാക്കി ബിജെപി നടത്തുന്നത് വില കുറഞ്ഞ രാഷ്ട്രീയ നാടകമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ മമത ബാനര്‍ജിയുടെ ഭരണത്തില്‍ സംതൃപ്തരാണ്. ബിജെപി സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് ശ്രമിക്കുകയാണെന്നും തൃണമൂല്‍ നേതാവ് പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 294 അംഗ സഭയിലേക്ക് ആറു പേര്‍ മാത്രമായിരുന്നു ബിജെപിയുടെ മുസ്‌ലിം സ്ഥാനാര്‍ഥികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, ബിജെപിയുടെ രാഷ്ട്രീയ അജണ്ടയിലെ മാറ്റമാണ് കൂടുതല്‍ ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തുന്നതിലൂടെ പുറത്തുവരുന്നതെന്ന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഹുസയ്ന്‍ പ്രതികരിച്ചു. ബിജെപി ന്യൂനപക്ഷവിരുദ്ധരാണെന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാദം തെറ്റാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതിന് ഉദാഹരണമാണ് സ്ഥാനാര്‍ഥികളുടെ വര്‍ധന സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 3358 ഗ്രാമപഞ്ചായത്തുകളിലെ 48,650 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

RELATED STORIES

Share it
Top