ബംഗാളില്‍ കൊടുങ്കാറ്റ്; 18 പേര്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വിവിധയിടങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 18 പേര്‍ മരിച്ചു. 50 പേര്‍ക്കു പരിക്കേറ്റു. എട്ടുപേര്‍ കൊല്‍ക്കത്തയിലാണ് മരിച്ചത്. ഹൗറ ജില്ലയില്‍ ആറുപേരും ബങ്കുര, ഹൂഗ്ലി ജില്ലകളില്‍ രണ്ടുപേര്‍ വീതവും മരിച്ചു. ചുവര്‍ തകര്‍ന്നും മരങ്ങള്‍ കടപുഴകിയും വൈദ്യുതാഘാതമേറ്റുമാണ് 50ഓളം പേര്‍ക്കു പരിക്കേറ്റതെന്ന് പോലിസ് അറിയിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്താനും നാശനഷ്ടങ്ങളും മരണവും സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി.
കൊടുങ്കാറ്റ് ആഞ്ഞടിച്ച മേഖലകളില്‍ ദുരിതാശ്വാസ സംഘങ്ങളെ അയക്കാന്‍ ദുരിതനിവാരണ വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മധ്യകൊല്‍ക്കത്തയിലെ നിന്‍സരണിയില്‍ ഓട്ടോറിക്ഷയ്ക്കു മുകളില്‍ മരം വീണാണ് നാലുപേര്‍ മരിച്ചത്. ഹൗറ ജില്ലയില്‍ നാലുപേര്‍ മിന്നലേറ്റും കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മണിക്കൂറില്‍ 98 കിലോമീറ്റര്‍ വേഗത്തിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. 155 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.  നഗരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. മെട്രോ സര്‍വീസുകളും രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. കൊടുങ്കാറ്റ് വ്യോമഗതാഗതത്തെയും ബാധിച്ചു.

RELATED STORIES

Share it
Top