ബംഗാളില്‍ അരിവാള്‍, ചുറ്റിക, കൈപ്പത്തി

slug-madhyamargamതൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് ഭാഗ്യം കൈവന്നിരിക്കുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യഥാര്‍ഥ ചിത്രം കാണാനുള്ള അസുലഭമായ സന്ദര്‍ഭം! ഇങ്ങനെയൊരു അവസരം ഇത്ര നേരത്തേ ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ബംഗാളിലേക്കു നോക്കുക. ചെങ്കൊടിപ്രസ്ഥാനത്തിന്റെ തിളക്കം അവിടെ കാണുന്നു. തൊഴിലാളിവര്‍ഗത്തിന്റെ ആശയും അത്താണിയുമായ അരിവാളും ചുറ്റികയും ബൂര്‍ഷ്വാ പാര്‍ട്ടിയുടെ ചിഹ്നമായ കൈപ്പത്തിയും ഒരുമിച്ച് ഉയരുന്ന അപൂര്‍വസുന്ദരമായ കാഴ്ച. തൊഴിലാളിവര്‍ഗപാര്‍ട്ടിയും ബൂര്‍ഷ്വാ പാര്‍ട്ടിയും കൈകോര്‍ക്കുന്ന ചരിത്രപരമായ വിജയം! ഇവിടെ സിപിഎമ്മിനും സിപിഐക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ജയിക്കുകയും തോല്‍ക്കുകയും അല്ല പ്രശ്‌നം. രണ്ടു പാര്‍ട്ടികളുടെയും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. പ്രസ്ഥാനം നിശ്ശേഷം നാശത്തിലേക്കു പോവുന്നതിനു മുമ്പുള്ള പ്രശ്‌നം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 35 വര്‍ഷക്കാലം ഭരിച്ച ബംഗാളിലെ ജനങ്ങള്‍ പാര്‍ട്ടിയെ വെറുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യഭരണത്തിനു കീഴില്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബംഗാളില്‍ ഞെരിഞ്ഞമരുകയായിരുന്നു. പ്രവര്‍ത്തനസ്വാതന്ത്ര്യം അവര്‍ക്കു നിഷേധിക്കപ്പെട്ടു. തൃണമൂല്‍ പ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്ന് അഞ്ഞൂറിലധികം പാര്‍ട്ടി ഓഫിസുകള്‍ പൂട്ടിച്ചു. പോലിസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തവരെ പ്രതികളാക്കുന്ന സ്ഥിതിയുമുണ്ടായി. സംസ്ഥാനത്തുടനീളം സിപിഎം പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് ശാരീരികമായി നേരിട്ടു. ആശയപരമായും സംഘടനാപരമായും തങ്ങളുടെ ശത്രുക്കളായ കോണ്‍ഗ്രസ്സിനെ പാര്‍ട്ടി കൂട്ടുപിടിച്ചത് പ്രവര്‍ത്തനസ്വാതന്ത്ര്യം നേടിയെടുക്കാനാണ്. പ്രവര്‍ത്തകര്‍ക്കു സൈ്വരമായി നടക്കാനും വീട്ടില്‍ കിടന്നുറങ്ങാനുമാണ്.
സിപിഎമ്മിനോടൊപ്പം നിലകൊള്ളുന്ന സിപിഐയാണെങ്കില്‍ എന്നോ കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടാന്‍ സന്നദ്ധവുമായിരുന്നു. ദേശീയനേതൃത്വത്തിനു ബംഗാള്‍ ഘടകത്തെ പിന്തുണയ്ക്കുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ. അടവുനയം എന്ന രീതിയിലാണ് പാര്‍ട്ടി ഇതിനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ്സുമായി ഒരുതരത്തിലും സഖ്യമില്ലെന്ന് കേന്ദ്രനേതാക്കള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ്- കോണ്‍ഗ്രസ് ഐക്യം ബംഗാളില്‍ ശക്തിപ്പെട്ടു. രണ്ടു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ ഏകതാളത്തില്‍ മുദ്രാവാക്യം വിളിക്കുന്നു. ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും വാര്‍ഡുകളിലും അരിവാളും ചുറ്റികയും കൈപ്പത്തിയും ആലേഖനം ചെയ്ത കൊടികള്‍ ഉയര്‍ത്തി അവര്‍ ഒരുമിച്ചുനീങ്ങുന്നു. വോട്ടുപിടിക്കുന്നു. തൃണമൂലിനെ നേരിടാന്‍ ശക്തിയായിമാറുന്നു. വഴിനടക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നു. മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഒരുമിച്ച് ഭരണം നടത്തുമെന്നു നേതാക്കള്‍ ആണയിടുന്നു.
കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് മുന്നണിയുടെ ഔദ്യോഗികമായ മാനിഫെസ്റ്റോ പുറത്തിറങ്ങിയിട്ടില്ലെങ്കിലും അടുത്ത അഞ്ചുവര്‍ഷം നടപ്പാക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ധാരണ ബംഗാളില്‍ വലിയൊരു ജനകീയ മുന്നേറ്റമായി മാറിയെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. വല്ലവിധേനയും പാര്‍ട്ടിക്ക് വീണ്ടും പരാജയമാണു സംഭവിക്കുന്നതെങ്കില്‍ പാര്‍ട്ടിക്കകത്ത് ഗുരുതരമായ പ്രതിസന്ധി ഉടലെടുക്കും. പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായാണ് ബംഗാളില്‍ ധാരണയും സഖ്യവും ഉണ്ടാക്കിയത്.
ബംഗാളിലെ കൂട്ടുകെട്ട് ശുദ്ധമായിരുന്നോ, അവിശുദ്ധമായിരുന്നോ എന്നതിനെക്കുറിച്ച് ചര്‍ച്ചകളും വിശകലനങ്ങളും നടക്കാന്‍പോവുകയാണ്. ഇരുപാര്‍ട്ടികളുടെയും പാര്‍ട്ടികോണ്‍ഗ്രസ്സുകളിലും ഈ കൂട്ടുകെട്ട് മുഖ്യ അജണ്ടയാവാന്‍ സാധ്യതയുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇതൊക്കെ അതിജീവിക്കും. കാരണം, അവരെ നയിക്കുന്നത് മാര്‍ക്‌സിസമാണ്. മാര്‍ക്‌സിസം മനുഷ്യസമുദായത്തെ മാറ്റിക്കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമത്രെ. ആ നിലയ്ക്ക് ഓരോ ദിനത്തിലും ഓരോ കാലഘട്ടത്തിലും ആ ശാസ്ത്രത്തിനു പുതിയ പുതിയ പ്രശ്‌നങ്ങളെ നേരിടേണ്ടിവരുന്നു. ആ പ്രശ്‌നങ്ങള്‍ക്കൊക്കെ റെഡിമെയ്ഡായ പ്രതിവിധി ആരും ഉണ്ടാക്കിവച്ചിട്ടില്ലെന്നു മാര്‍ക്‌സിസ്റ്റ് ഗ്രന്ഥങ്ങളില്‍ത്തന്നെ രേഖപ്പെടുത്തിവച്ചിട്ടുണ്ട്.
അതിനാല്‍ സമൂഹം വളരുന്നതിനനുസരിച്ച് മാര്‍ക്‌സിസവും വളര്‍ന്നേ മതിയാവൂ. അതാണ് ഇന്നു നടക്കുന്നത്. സ്വന്തം മണ്ണില്‍ നിലനില്‍ക്കാനുള്ള പ്രതിസന്ധി മറികടക്കാനുള്ള ഈ കൂട്ടുകെട്ട് മാര്‍ക്‌സിസം അനുകൂലിക്കാതിരിക്കില്ല.

RELATED STORIES

Share it
Top