ബംഗളൂരുവിനെ ഞെട്ടിച്ച് ഡല്‍ഹിക്ക് ജയം


ന്യൂഡല്‍ഹി: സ്വന്തം തട്ടകത്തില്‍ ഡല്‍ഹിപ്പട തിണ്ണമിടുക്കുകാട്ടിയപ്പോള്‍ ബംഗളൂരു എഫ്‌സിക്ക് ഞെട്ടിക്കും തോല്‍വി. സുനില്‍ ഛേത്രിയുടെ കളിക്കരുത്തുള്ള ബംഗളൂരുവിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസ് നാണം കെടുത്തിയത്. സ്വന്തം കളിതട്ടില്‍ 4-1-4-1 ശൈലിയില്‍ ബൂട്ടണിഞ്ഞ ഡല്‍ഹിയെ പൂട്ടാന്‍ 4-2-3-1 ശൈലിയിലാണ് ബംഗളൂരു കളി മെനഞ്ഞത്. ഇരു ടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തതോടെ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയില്‍ ആക്രമിച്ച് മുന്നേറിയ ഡൈനാമോസിന് വേണ്ടി 72ാം മിനിറ്റില്‍ ലാലിയന്‍സുവാള ചാങ്‌തേയാണ് വലകുലുക്കിയത്. മല്‍സരത്തില്‍ ഒരു ഗോളിന് മുന്നിലെത്തിയതോടെ പ്രതിരോധത്തില്‍ ഉരുക്കുകോട്ട തീര്‍ത്ത ഡല്‍ഹിക്ക് മുന്നില്‍ ബംഗളൂരുവിന്റെ മുന്നേറ്റങ്ങള്‍ നിഷ്പ്രഭമായി. ഇഞ്ചുറി ടൈമില്‍ വീണുകിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ചാണ് ഡല്‍ഹി അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തത്. കിക്കെടുത്ത ഗുയോണ്‍ ഫെര്‍ണാണ്ടസ് ലക്ഷ്യം പിഴക്കാതെ പന്ത് വലയിലാക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-0ന്റെ ജയം ഡല്‍ഹിക്കൊപ്പം നിന്നു. ഈ സീസണിന്റെ തുടക്കത്തില്‍ 4-1ന് ഡല്‍ഹിയെ ബംഗളൂരു പരാജയപ്പെടുത്തിയിരുന്നു. ജയിച്ചെങ്കിലും ഏഴ് പോയിന്റ് മാത്രം അക്കൗണ്ടിലുള്ള ഡല്‍ഹി അവസാന സ്ഥാനത്താണ്. 18 പോയിന്റുള്ള ബംഗളൂരു രണ്ടാം സ്ഥാനത്തും.

RELATED STORIES

Share it
Top